national news
മൂന്ന് തവണ മണിപ്പൂര്‍ സര്‍ക്കാരിനെ സമീപിച്ചു; പ്രതികരണമുണ്ടായില്ല: ദേശീയ വനിത കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 21, 08:39 am
Friday, 21st July 2023, 2:09 pm

ന്യൂദല്‍ഹി: മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണ മണിപ്പൂര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ദേശീയ വനിത കമ്മീഷന്‍. മണിപ്പൂരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയിലെ സംഭവത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചില്ലെന്നും സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

സംഭവത്തില്‍ വനിത കമ്മീഷന് ജൂണ്‍ 12ന് തന്നെ പരാതി ലഭിച്ചിട്ടും കേസെടുത്തില്ലെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ മണിപ്പൂര്‍ കലാപത്തിനിടിയില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അധികാരികളെ മൂന്ന് തവണ വിളിച്ചു. എന്നാല്‍ ഒന്നിനും പ്രതികരണങ്ങള്‍ ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തുകളും അവര്‍ പങ്കുവെച്ചു.

‘ഞങ്ങള്‍ ആധികാരികത അന്വേഷിച്ചു. പരാതികള്‍ മണിപ്പൂരില്‍ നിന്നുമുള്ളതല്ല, ചിലത് ഇന്ത്യയില്‍ നിന്ന് പോലുമല്ല.

ഞങ്ങള്‍ അധികാരികളെ സമീപിച്ചപ്പോള്‍ അവരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഞങ്ങള്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു,’ രേഖ പറഞ്ഞു.

മെയ് 18, 29, ജൂണ്‍ 19 എന്നീ തിയ്യതികളിലുള്ള പരാതികളാണ് വനിതാ കമ്മീഷന്റെയടുത്തുള്ളത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി 12 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 150 ഓളം ആളുകളാണ് മരിച്ചത്. ആയിരക്കണക്കിനാളുകള്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.

content highlights: national women commision against manipur authorities