ന്യൂ ദല്‍ഹി: ചില്ലറവ്യാപാര മേഖലയടക്കം കുത്തകള്‍ക്ക് തുറന്ന് കൊടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉദാര സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങള്‍ക്കെതിരെയും ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയും സെപ്തംബര്‍ 20 ന് അഖിലേന്ത്യാ ഹര്‍ത്താല്‍. ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി ഹര്‍ത്താലും മറ്റ് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. []
സമാജ് വാദി പാര്‍ട്ടി, ടി.ഡി.പി, ബി.ജെ.ഡി, ജനതാദള്‍ എസും ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ എട്ട് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍, പിക്കറ്റിങ്ങുകള്‍, ജയില്‍നിറയ്ക്കല്‍ സമരം തുടങ്ങിയ വിപുലമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടികളുടെ തീരുമാനം.
കേരളത്തില്‍ ഹര്‍ത്താല്‍ നടത്തണമോയെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അറിയിച്ചു. ഇന്ന് കേരളത്തില്‍ ഇടതുപക്ഷം ഹര്‍ത്താലാചരിച്ചത് കൊണ്ടാണ് സെപ്തംബര്‍ 20 ന്റെ ഹര്‍ത്താല്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടത്.