തനിക്ക് നല്ല ഭാവിയുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്ന് യുവ നടൻ നസ്‌ലൻ. സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യന്റേയും അഖിലിന്റെയും ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ വളരെ കംഫർട്ടബിൾ ആയിരുന്നെന്നും അത് ചിലപ്പോൾ ആ കുടുംബത്തിന്റെ പ്രത്യേകത ആയിരിക്കാമെന്നും നസ്‌ലൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസ്‌ലൻ.
‘സത്യൻ സാറിന്റെ കൂടെയുള്ള വർക്കിങ് മറക്കാനാവാത്ത അനുഭവമാണ്. അത്രയും വലിയൊരു സംവിധായകൻ എന്നെ ടേക്ക് കെയർ ചെയ്യുകയും നല്ല ഭാവി ഉണ്ടെന്ന് പറയുകയും ചെയ്യുന്നത് ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ്, അതൊരു അനുഗ്രഹമാണെന്നാണ് ഞാൻ കരുതുന്നത്.
അനൂപേട്ടനും (അനൂപ് സത്യൻ) അഖിലേട്ടനും (അഖിൽ സത്യൻ) അടിപൊളിയാണ്. അവരുടെ രണ്ടുപേരുടെയും കൂടെ വർക്ക് ചെയ്യാൻ നല്ല കംഫർട്ടബിൾ ആണ്. അത് ചിലപ്പോൾ ആ കുടുംബത്തിന്റെ പ്രത്യേകതയാകും. വർക്ക് നടക്കുമ്പോൾ ഒരു സ്‌ട്രെസും നമുക്ക് ഫീൽ ചെയ്യില്ല. അത്രക്ക് ജോളി ആയിട്ടാണ് അവർ വർക്ക് ചെയ്യുന്നത്. സത്യൻ സാർ അടക്കം. ഷൂട്ട് ചെയ്യുമ്പോൾ എന്നോടൊന്നും വന്ന് സംസാരിക്കേണ്ട ഒരു കാര്യവും ഇല്ല. എന്നാലും സാർ അതിനും സമയം കണ്ടെത്താറുണ്ട്. അതൊക്കെ മറക്കാനാവാത്ത അനുഭവമാണ്,’ നസ്‌ലൻ പറഞ്ഞു.
അഭിമുഖത്തിൽ മാമുക്കോയയുടെ കൂടെ കുരുതി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെപ്പറ്റിയും നസ്‌ലൻ സംസാരിച്ചു. ഒഴിവ് സമയങ്ങളിൽ മാമുക്കോയ തന്റെ പഴയകാല സിനിമ അനുഭവങ്ങൾ പറഞ്ഞ് തരാറുണ്ടെന്നും അദ്ദേഹത്തിന്റെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നസ്‌ലൻ പറഞ്ഞു.
‘ഷൂട്ടിങ്ങിൽ ഒഴിവ് സമയം കിട്ടുമ്പോൾ ഞാൻ മാമുക്കോയ അങ്കിളിന്റെ കൂടെ ആയിരുന്നു. ഞങ്ങൾ ആ സമയങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അതിൽ അദ്ദേഹത്തിന്റെ പഴയ അനുഭവങ്ങളും തമാശകളുമൊക്കെ ഉണ്ടാകും. ഓർക്കുമ്പോൾ സന്തോഷം തരുന്ന ധാരാളം നിമിഷങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ മകനായിട്ടാണ് ഞാൻ അഭിനയിച്ചത്. അത് തന്നെന്നെയൊരു ഭാഗ്യമായി കാണുന്നു,’ നസ്‌ലൻ പറഞ്ഞു.
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് രവീഷ് നാഥും രാജേഷ് വാരിക്കോളിയും തിരക്കഥ രചിച്ച 18 പ്ലസ് ആണ് നസ്‌ലന്റെ ഏറ്റവും പുതിയ ചിത്രം. നിഖില വിമൽ, മാത്യു തോമസ് ബിനു പപ്പു, മീനാക്ഷി, സാഫ് ബ്രോസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദര്ഭങ്ങളുമാണ് 18 പ്ലസ് ചർച്ച ചെയ്യുന്നത്.