മുസ്‌ലിങ്ങളെ പിന്തുണക്കാനല്ലാതെ വേറെന്തിനും ലിബറല്‍ കാഴ്ചപ്പാട് ഉപയോഗിക്കുമ്പോള്‍ നിലവിളി പതിവാണ്. ന്യൂനപക്ഷമെന്നാല്‍ മുസ്‌ലിം ന്യൂനപക്ഷമാണ്, എല്‍.ജി.ബി.ടിയൊക്കെ പടിക്ക് പുറത്താണ്. ഇതെല്ലാം ജമാഅത്തുകാര്‍ പതിവായി പറയുന്ന വാദവുമാണ്. ഇസ്‌ലാമോഫോബിയയുടെ ഹോള്‍സെയില്‍ ഡീലര്‍മാരായ ട്രംപ് തൊട്ട് നാടന്‍ സംഘികള്‍ വരെ ലിബറലുകള്‍ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളാണ് ലേബലൊന്ന് മാറ്റി ജമാഅത്തുകാര്‍ അടിച്ചിറക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍ നടക്കുന്നത് ”പെണ്ണിന് മേല്‍ ആണ്‍വസ്ത്ര മേല്‍ക്കോയ്മ സ്ഥാപിക്കലാണ്” എന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് പി. മുജീബുറഹ്‌മാന്‍ പറയുന്നത്.
മുസ്‌ലിം സമുദായം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രതിരോധമൊരുക്കുന്നതിലും സംഘപരിവാര്‍ രാഷ്ട്രീയത്തിന് കൃത്യമായ ബദല്‍ അവതരിപ്പിക്കുന്നതിലും ഗംഭീര പരാജയമായ ജമാഅത്ത് അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ പിന്തുടരുന്ന തട്ടിപ്പിന്റെ ഭാഗമാണിത്.
സംഘപരിവാര്‍ തേര്‍വാഴ്ചയും മതേതര കക്ഷികളുടെ ദയനീയ പരാജയവും കാരണം അരക്ഷിതാവസ്ഥയിലായ ഒരു സമുദായത്തെ വൈകാരികമായി ഇളക്കിവിട്ട്, തങ്ങളുടെ പരാജയം മൂടി വെക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന വഖഫ് സമരവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ നുണപ്രചരണങ്ങളും.
ഇനി വസ്തുതയിലേക്ക് വരാം. ‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ കേരളത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഞങ്ങളുടെ മൂന്ന് മക്കളും പഠിച്ച കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളില്‍ ചെറിയ ക്ലാസ് തൊട്ടുതന്നെ ആഴ്ചയില്‍ ഒരു ദിവസം (നാലാം ക്ലാസ് തൊട്ട് രണ്ട് ദിവസം) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം ആണ്.
ഒരേ യൂണിഫോം എന്ന് പറയുമ്പോള്‍ മുജീബുറഹ്‌മാന്‍ പറയുന്ന പോലെ ‘പെണ്ണിന് മേല്‍ ആണ്‍വസ്ത്ര മേല്‍ക്കോയ്മ സ്ഥാപിക്കല്‍’ അല്ല, ആധുനിക കാലത്ത് പെണ്ണിനും ആണിനും ഒരേപോലെ സ്വീകാര്യവും സൗകര്യവുമായ മുട്ടിന് താഴെയുള്ള പാന്റ്‌സ് ആണ്.
പി. മുജീബുറഹ്‌മാന്‍
ഈ സ്‌കൂളില്‍ ജമാഅത്തിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളുടെ അടക്കം നിരവധി ജമാഅത്തുകാരുടെ മക്കള്‍ പഠിച്ചു/പഠിക്കുന്നു. ഒരാള്‍ക്ക് പോലും പ്രശ്‌നമായത് അറിയില്ല. ഇപ്പോഴും സ്‌കൂളിലെ ഭൂരിപക്ഷമോ അതിനോടടുത്തോ ഉള്ള കുട്ടികളും മുസ്‌ലിങ്ങളായിരിക്കും.
ഇന്ന് നമ്മള്‍ ‘പെണ്ണുങ്ങളുടെ വസ്ത്രം’ എന്ന് പറയുന്നവയില്‍ കൂടുതലും ആധുനിക ജീവിതശൈലിക്ക് യോജിച്ചതേ അല്ല. ഒരു സ്‌കൂട്ടറിന്റെ പിന്നിലിരിക്കാനോ മൊബൈല്‍ ഫോണ്‍ വെക്കാനോ പോലും പറ്റാത്തതിനാലാണ് സാരിയും പാവാടയുമൊക്കെ പെണ്ണുങ്ങള്‍ കയ്യൊഴിയുന്നത്.
ഐ.ടി മേഖലയിലൊക്കെ ഏറെക്കുറെ മുഴുവനായും ജീന്‍സ് പോലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസിലേക്ക് മാറിക്കഴിഞ്ഞു. ജോലിക്ക് പോവുന്ന പെണ്‍കുട്ടികളില്‍ പാവാടയും സാരിയുമൊക്കെ ധരിക്കുന്നവര്‍ ചുരുക്കമായി വരുന്നു.
പണ്ട് ലാബില്‍ പാന്റ് നിര്‍ബന്ധമായതിനാല്‍ പല പെണ്ണുങ്ങളും എഞ്ചിനീയറിംഗിന് പോകാന്‍ മടിച്ചിരുന്നു. ഇന്നത് മാറി. ഉയര്‍ന്ന ജോലി സാധ്യതയും കാഴ്ചപ്പാടില്‍ വന്ന മാറ്റവും മാത്രമല്ല, ലാബിലോ ക്ലാസിലോ പാന്റിടുന്നത് ഇന്ന് പെണ്‍കുട്ടികള്‍ക്ക് മടിയില്ലാത്ത കാര്യമായതിനാല്‍ കൂടിയാണത്.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഇങ്ങനെയുള്ള വസ്ത്രം ശീലിപ്പിക്കുന്നത് ഗുണപരമായ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തും.
ആണ്‍-പെണ്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും എല്ലായിടത്തും വേര്‍തിരിക്കേണ്ടതല്ലെന്നും, വേര്‍തിരിവിനേക്കാള്‍ കൂടുതല്‍ ഒരുമിച്ച് കാണേണ്ട സാധ്യതകളുള്ള മനുഷ്യരിലെ രണ്ട് വിഭാഗം മാത്രമാണെന്നും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഈ രണ്ട് വിഭാഗങ്ങള്‍ കൂടാതെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പോലുള്ള വിഭാഗത്തെപ്പറ്റിയും അവര്‍ക്ക് ധാരണ വേണം. വസ്ത്രം പോലുള്ള അടിസ്ഥാന കാര്യങ്ങളില്‍ എല്ലാവര്‍ക്കും ഒരേപോലെയാവാന്‍ സാധിക്കുമ്പോള്‍ ഈ ചിന്തകള്‍ അവരില്‍ അല്‍പമെങ്കിലും വളരും. ലോകം മുഴുവന്‍ അങ്ങനെ മാറുന്നുണ്ട്.
റിസപ്ഷനില്‍ മലയാളി ആണുങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനല്ലാതെ സാരിയുടുക്കുന്നവര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ വളരെ കുറവാണ്. ചുരിദാറാണ് കൂട്ടത്തില്‍ ഭേദം. പക്ഷേ ഏറ്റവും സൗകര്യമായത് കൊണ്ട് പുതുതലമുറ പെണ്‍കുട്ടികളില്‍ ജീന്‍സ് വ്യാപകമായി വരുന്നു, പ്രത്യേകിച്ചും ഷര്‍ട്ടും ടീഷര്‍ട്ടുമായി ചേര്‍ന്ന്.
കേരളത്തില്‍ ഇതിനകം തന്നെ എല്ലാ ദിവസവും അല്ലെങ്കില്‍ ഭൂരിഭാഗം ദിവസങ്ങളിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ സ്‌കൂളുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതും നേരത്തേ പറഞ്ഞപോലെ ആണ്‍വസ്ത്രം അടിച്ചേല്‍പിച്ചതല്ല, ആണിനും പെണ്ണിനും ഒരുപോലെ സൗകര്യമുള്ള നീളമുള്ള പാന്റ്‌സ് രണ്ട് വിഭാഗത്തിനും ബാധകമാക്കിയതാണ്.
ഇതെല്ലാം ബോധപൂര്‍വം മറച്ചുവെച്ചാണ് മുജീബുറഹ്‌മാനെ പോലുള്ളവര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമെന്നാല്‍ സാരിയുടുക്കുന്ന ആണുങ്ങളും മുണ്ടുടുക്കുന്ന പെണ്ണുങ്ങളും ആണെന്ന രീതിയില്‍ പരിഹാസ്യമായ വാദങ്ങള്‍ തട്ടിവിടുന്നത്. പുതുതലമുറയെ സാരിക്കും മുണ്ടിനുമപ്പുറത്തുള്ള ഒന്നിലേക്കാണ് നയിക്കുന്നതെന്ന് അറിയാഞ്ഞിട്ടല്ല ഈ കുപ്രചാരണം.
പരമാവധി വൈകാരികമായി പ്രതികരിച്ച് ആളുകളെ ഇളക്കിവിടുകയാണ് ഉദ്ദേശം. മുജീബുറഹ്‌മാന്റെ അനുയായികള്‍ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ബാക്കി ചെയ്യുന്നുണ്ട്. കൂടെ എ.പി വിഭാഗം പോലുള്ള ഒന്നാന്തരം കൂട്ടാളികളുമുണ്ട്.
പതിവുപോലെ ലിബറലുകള്‍ക്കുള്ള തെറി കൂട്ടത്തിലുണ്ട്. പാശ്ചാത്യ ലോകത്തെ ലിബറലുകള്‍ക്കാണ് കുറ്റം മുഴുവന്‍. സ്വവര്‍ഗാനുരാഗം പോലുള്ള ചേരുവകളും ഒരു ഗുമ്മിന് കൂടെ കൂട്ടിയിട്ടുണ്ട്. ഏത് ലിബറലുകള്‍?
ഇസ്‌ലാമോഫോബിയക്കെതിരെ സമീപകാലത്ത് ഏറ്റവും ശക്തമായി പ്രതികരിച്ച ജസീന്ത ആഡേനും ആയുസ് മുഴുവന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുസ്‌ലിം വിരുദ്ധ സയണിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടിയ ചോംസ്‌കിയുമൊക്കെയാണ് പാശ്ചാത്യലോകത്തെ അറിയപ്പെടുന്ന ‘ലിബറല്‍’ മുഖങ്ങള്‍.
പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ധീരമായി ശബ്ദിച്ച ബേണി സാന്‍ഡേഴ്‌സും ബ്രിട്ടനില്‍ സമാന രാഷ്ട്രീയം പറഞ്ഞ ജേമി കോബെയ്‌നുമൊക്കെ ലിബറല്‍ ധാരയുടെ വക്താക്കളാണ്.
പിന്നെ ആംനെസ്റ്റി തൊട്ട് ഹ്യൂമന്‍ റൈറ്റ് വാച്ച് വരെയുള്ള മനുഷ്യാവകാശ കൂട്ടായ്മകളും വികിലീക്‌സിലൂടെ ലോകത്തോട് സത്യം വിളിച്ചുപറഞ്ഞ ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ ചെല്‍സി മാനിംഗും ജൂലിയന്‍ അസാഞ്ചെയുമെല്ലാം ലിബറലുകളാണ്.
ഇവരെയെല്ലാം മുസ്‌ലിങ്ങളോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ച ലിബറല്‍ ആശയപരിസരം തന്നെ ഏറ്റവും അപകടകരമാണെന്നാണ് ഈ ജമാഅത്തുകാരുടെ കണ്ടുപിടുത്തം. കുറ്റവും കുറവുമല്ല, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാലം ആളുകളെ അവരുടെ വിശ്വാസവും ഇഷ്ടാനിഷ്ടങ്ങളുമനുസരിച്ച് ജീവിക്കാന്‍ വിടണമെന്ന ലിബറല്‍ ആശയാടിത്തറയാണ് ഇവരുടെ പ്രശ്‌നം.
മുസ്‌ലിങ്ങളെ പിന്തുണക്കാനല്ലാതെ വേറെന്തിനും ഈ ലിബറല്‍ കാഴ്ചപ്പാട് ഉപയോഗിക്കുമ്പോള്‍ ഈ നിലവിളി പതിവാണ്. ന്യൂനപക്ഷമെന്നാല്‍ മുസ്‌ലിം ന്യൂനപക്ഷമാണ്, എല്‍.ജി.ബി.ടിയൊക്കെ പടിക്ക് പുറത്താണ്. ഇതെല്ലാം ഇവര്‍ പതിവായി പറയുന്ന വാദവുമാണ്.
ഇസ്‌ലാമോഫോബിയയുടെ ഹോള്‍സെയില്‍ ഡീലര്‍മാരായ ട്രംപ് തൊട്ട് നാടന്‍ സംഘികള്‍ വരെ ലിബറലുകള്‍ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളാണ്, ലേബലൊന്ന് മാറ്റി ഇവരടിച്ചിറക്കുന്നത്.
രസകരമായ കാര്യം കേരളത്തിലെ മറ്റേതൊരു മാധ്യമത്തേക്കാളുമധികം ഈ ലിബറല്‍ ആശയക്കാരുടെ ചിന്തകള്‍ മലയാളത്തിലേക്കെത്തിച്ചത് ജമാഅത്തിന്റെ ‘മാധ്യമം’ പത്രമാണ്. പക്ഷേ അവര്‍ മുസ്‌ലിങ്ങള്‍ക്കായി സംസാരിച്ചപ്പോഴായിരുന്നു അതെല്ലാം.
ഇന്നല്ലെങ്കില്‍ നാളെ ഇവിടെ വളര്‍ന്നുവരുന്ന തലമുറ അവരുടെ ആവശ്യങ്ങള്‍ക്കും ആധുനിക ജീവിതശൈലിക്കും അനുസരിച്ച വസ്ത്രരീതികളിലേക്ക് മാറും, അല്ല മാറിക്കൊണ്ടേ ഇരിക്കും. ഏതെങ്കിലും ജമാഅത്തുകാരോ ഇനി മൊത്തം മുസ്‌ലിം സംഘടനകളോ എതിര്‍ത്താലും അത് നടക്കും. സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും ആ മാറ്റം തടയാനാവില്ല.
ഇപ്പോള്‍ തന്നെ പുതുതലമുറ മുസ്‌ലിം കുട്ടികള്‍ തെരുവിലും ജോലിസ്ഥലങ്ങളിലുമെല്ലാം ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തിലേക്ക് മാറിയിട്ടുണ്ട്, പലരും ക്ലാസുകളിലും. പൗരോഹിത്യത്തിന്റെ ഭീകരാധികാര ശേഷിയോടെ നിലനിന്നിരുന്ന സുന്നി സംഘടനകളുടെ എല്ലാ ഫത്‌വകളയും പുച്ഛിച്ച് തള്ളിയാണ് അവര്‍ വിദ്യാഭ്യാസം നേടിയത്.
അന്നത്തെ സുന്നി ഫത്‌വകള്‍ ഇന്നൊരു പരിഹാസ്യ ചരിത്രം മാത്രമാണ്. നാളെ ഈ ജമാഅത്ത് നേതാക്കളുടെ പ്രസ്താവനകള്‍ക്ക് കിട്ടാന്‍ പോവുന്നതും ഇതേ പരിഹാസ്യത തന്നെ ആയിരിക്കും. ഇപ്പോള്‍ തന്നെ പെണ്ണുക്കളല്ല ആണുങ്ങളാണ് ഈ തീരുമാനത്തിനെതിരായി ഉറഞ്ഞുതുള്ളുന്നത് എന്നതില്‍ തന്നെ ചില സൂചനകളുണ്ട്.
ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം വസ്ത്രവൈവിധ്യത്തെ തകര്‍ക്കുമെന്ന വാദവും ഇവിടെ അപ്രസക്തമാണ്. കാരണം നിലവില്‍ യൂണിഫോം എല്ലാ സ്‌കൂളിലും എത്തിക്കഴിഞ്ഞു. അഥവാ ആണ്‍-പെണ്‍ എന്ന വേര്‍തിരിവിനപ്പുറം വൈവിധ്യം എന്ന ഒന്ന് നിലവിലില്ല.
ഈ വേര്‍തിരിവാണ് കൂടുതല്‍ പ്രസക്തമായ മറ്റ് ലക്ഷ്യങ്ങള്‍ നിര്‍ത്തി ഒഴിവാക്കുന്നത്, അല്ലാതെ വൈവിധ്യമല്ല. വൈവിധ്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ വ്യത്യസ്ത നിറങ്ങളും വസ്ത്രങ്ങളും അനുവദിക്കുകയാണ് വേണ്ടത്.
നിലവില്‍ പല സ്‌കൂളുകളും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അങ്ങനെ അനുവദിക്കുന്നുണ്ട്. ഈ രീതി പിന്തുടരാവുന്നതോ കൂടുതല്‍ വ്യാപിപ്പിക്കാവുന്നതോ ആണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും വൈവിധ്യവും പരസ്പരം യോജിച്ച് പോവുന്നതാണ്.