Film News
മമ്മൂട്ടിയാണ് ബിരിയാണി, ജോജു കൂട്ടുകറിയായി നിന്ന ആളാണ്: നാസര്‍ ലത്തീഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 11, 06:30 am
Tuesday, 11th April 2023, 12:00 pm

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെ ബിരിയാണിയാണെന്നും തങ്ങളെ പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ കൂട്ടുകറിയാണെന്നും നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്. അവരെ വെച്ചെടുക്കുന്ന സിനിമകള്‍ക്കാണ് പണം ലഭിക്കുന്നതെന്നും തന്നെ നായകനാക്കിയാല്‍ ആരും ആ ചിത്രം എടുക്കില്ലെന്നും നാസര്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ നില മാറാന്‍ അധികം സമയം വേണ്ടെന്നും ജോജു ജോര്‍ജ് അതിന് ഉദാഹരണമാണെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ പറഞ്ഞു.

‘മമ്മൂക്ക വളരെ രസമായി അഭിനയിക്കുന്ന ആളാണ്. വാപ്പച്ചി എന്‍ജോയ് ചെയ്യുകയാണെന്ന് ദുല്‍ഖര്‍ എവിടെയോ പറഞ്ഞു. അങ്ങേരെ വെച്ച് സിനിമ എടുക്കുമ്പോള്‍ സാമ്പത്തിക വിജയങ്ങള്‍ ഉണ്ടാകുന്നു. എടുക്കുന്ന ആള്‍ക്ക് പൈസ കിട്ടുന്നു. ലാലിനെ വെച്ചെടുക്കുന്ന സിനിമകളും പൈസ ഉണ്ടാക്കുന്നുണ്ട്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരിലല്ലേ സിനിമ വിറ്റുപോകുന്നത്. നാസര്‍ ലത്തീഫ് വന്ന് സിനിമയില്‍ അഭിനയിച്ചാല്‍ ആരെങ്കിലും എടുക്കുമോ. അത് എനിക്ക് തന്നെ അറിയാം. നമ്മളെന്നും ബിരിയാണിക്കൊപ്പമുള്ള കൂട്ടുകറികളാണ്. അച്ചാറെന്നോ അവിയലെന്നോ എന്തുവേണമെങ്കിലും വിളിച്ചോളൂ. എനിക്കതില്‍ വിരോധമൊന്നുമില്ല. സത്യസന്ധമായ കാര്യമാണ്.

അവരാണ് ബിരിയാണി. നമ്മള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ സമയം മാറാന്‍ അധികം ദിവസങ്ങളൊന്നും വേണ്ട. ഇന്നലെ വരെ ഇതുപോലെ കൂട്ടുകറിയായി നിന്ന മനുഷ്യനാണ് ജോജു. അദ്ദേഹം ഇന്ന് സൂപ്പര്‍ സ്റ്റാറല്ലേ.

ഇന്ന് ജോജുവിന്റെ പേരില്‍ പടം വിറ്റുപോകുന്നു. അദ്ദേഹം റിസ്‌ക് എടുത്ത് ജോസഫ് ചെയ്തു. സ്വയം തെളിയിച്ചു. അതിനൊരു സലാം. അയാളുടെ ആ റിസ്‌കിനെ നമ്മള്‍ സ്വീകരിക്കുന്നു. എനിക്ക് ആ റിസ്‌ക് എടുക്കാന്‍ പേടിയുണ്ട്. ഇപ്പോഴും പടം ചെയ്യുമ്പോള്‍ പേടി ഉള്ളിലുണ്ട്. പോയാല്‍ പോയി എന്നുള്ള നിലയില്‍ ജോജു റിസ്‌കെടുത്തു. അയാള്‍ വിജയിച്ചു,’ നാസര്‍ ലത്തീഫ് പറഞ്ഞു.

Content Highlight: nasar latheef about mammootty and joju george