കൊച്ചിന്‍ ഹനീഫ വിട്ടുപോയ ഗ്യാപ്പിലേക്കാണ് ജോണി ആന്റണി കേറിയത്: നാസര്‍ ലത്തീഫ്
Film News
കൊച്ചിന്‍ ഹനീഫ വിട്ടുപോയ ഗ്യാപ്പിലേക്കാണ് ജോണി ആന്റണി കേറിയത്: നാസര്‍ ലത്തീഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th April 2023, 3:28 pm

ഇന്നസെന്റിന്റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്തേക്ക് വന്ന ഒഴിവ് നികത്തിയ താരമാണ് ജോണി ആന്റണിയെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്. ഇന്ദ്രന്‍സിന്റെയും ജാഫര്‍ ഇടുക്കിയുടെയും അലന്‍സിയറിന്റെയും പ്രകടനം കണ്ട് അതിശയിച്ചിട്ടുണ്ടെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ പറഞ്ഞു.

‘ജോണി ആന്റണി ഡയറക്ടറായി വന്ന ആളാണ്. അയാള്‍ അഭിനയത്തിലേക്ക് വന്നു. ഇന്ന് ഇന്നസെന്റേട്ടനും കൊച്ചിന്‍ ഹനീഫയും വിട്ടുപോയ ഒരു ഗ്യാപ്പിലാണ് അങ്ങേര് കേറിയേക്കുന്നത്. അസ്സല്‍ നടനാണ്. എന്ത് നന്നായിട്ടാണ് പെര്‍ഫോം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍ ഇങ്ങനെയുള്ളവരുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ തന്നെ നമ്മള്‍ അതിശയിച്ചുപോകും.

എല്ലാ മനുഷ്യരിലും കലയുണ്ട്. അത് ടാപ്പ് ചെയ്ത് പുറത്തേക്ക് കൊണ്ടുവരിക. ചിലര്‍ക്ക് സന്ദര്‍ഭം കിട്ടും, ചിലര്‍ക്ക് കിട്ടില്ല. അതൊക്കെ ഭാഗ്യം പോലെ ഇരിക്കും,’ നാസര്‍ പറഞ്ഞു.

സിനിമയിലെ ബന്ധങ്ങളെ പറ്റിയും നാസര്‍ ലത്തീഫ് സംസാരിച്ചു. ‘എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. ദുല്‍ഖറിനെയൊക്കെ ചെറുപ്പം മുതല്‍ തന്നെ കണ്ടിട്ടുണ്ട്. അമ്മയുടെ മീറ്റിങ്ങിനൊക്കെ കാണുമ്പോള്‍ കൂടെ നിന്ന് സെല്‍ഫിയെടുക്കും. എല്ലാവരുമായും നല്ല ബന്ധം തന്നെയാണ്.

48 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നുണ്ട്. അങ്ങനെ നില്‍ക്കണമെങ്കില്‍ നല്ല ബന്ധങ്ങള്‍ വേണം. വലിയ വലിയ ആളുകളുടെ വളര്‍ച്ചകള്‍ കണ്ടിട്ടുണ്ട്. അതൊക്കെ കണ്ട് ആസ്വദിക്കുകയാണ്. സിനിമയില്‍ കുറച്ച് സൗഹൃദങ്ങളുണ്ട്. ശങ്കര്‍, കുഞ്ചന്‍, ദേവന്‍, മണിയന്‍പിള്ള രാജു, ജഗദീഷ് ഇങ്ങനെയുള്ള കുറെ പേര് ഉണ്ട്,’ നാസര്‍ ലത്തീഫ് പറഞ്ഞു.

Content Highlight: nasar latheef about johny antony