നരേന്ദ്ര മോദി സ്റ്റേഡിയം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി; പ്രതി അറസ്റ്റില്‍
ഗുജറാത്ത്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇമെയില്‍ വഴിയാണ് പ്രതി സന്ദേശം അയച്ചത്. മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ ഗുജറാത്തിലെ രാജ്‌ക്കോട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണിയോടൊപ്പം ഇയാളുടെ പേരും കൂടി കൊടുത്തുകൊണ്ടാണ് ഇമെയില്‍ അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പ്രതിക്ക് യാതൊരു വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട മറ്റു വിശദീകരണങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ഒക്ടോബര്‍ 14 ന് ഇന്ത്യ – പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കാന്‍ ഇരിക്കെയാണ് ഭീഷണി ഉണ്ടായത്. ക്രിക്കറ്റ് മൈതാനത്തിലും പുറത്തുമായി വലിയ ജനക്കൂട്ടം ഉണ്ടാവുമെന്നതിനാല്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷ ഒരുക്കാന്‍ അഹമ്മദാബാദ് പൊലീസ് നടപടിയെടുക്കുന്നുണ്ട്.
കൂടാതെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ അധിക സുരക്ഷക്കായി ഗുജറാത്ത് പൊലീസ്, എന്‍.എസ്.ജി, ആര്‍.എ.എഫ്, ഹോം ഗാര്‍ഡ് അടക്കം 11,000 ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight: Email threatening attack on Narendra Modi Stadium