നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി
national news
നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2024, 9:39 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമടങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്. വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

View this post on Instagram

A post shared by Raghu Karnad (@raghukarnad)


നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ കുടിയേറ്റക്കാര്‍ എന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വീഡിയോക്കെതിരെ ഇന്‍സ്റ്റയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഏപ്രില്‍ 30 ചൊവ്വാഴ്ചയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

ഇതിനെത്തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചുവെന്നും പരാതിയില്‍ പ്രധാനമന്ത്രി വിശിദീകരണം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്, സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Narendra Modi’s anti-Muslim video removed from Instagram