ജയ് ഭീം പോലെയുള്ള സിനിമകള്‍ തെലുങ്കിലും ഉണ്ടാകണമെന്ന് തോന്നിയിട്ടുണ്ട്: നാനി
Film News
ജയ് ഭീം പോലെയുള്ള സിനിമകള്‍ തെലുങ്കിലും ഉണ്ടാകണമെന്ന് തോന്നിയിട്ടുണ്ട്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 7:56 am

നാനി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന റൊമാന്റിക് കോമഡി ചിത്രം അണ്ടേ സുന്ദരാനികി റിലീസിനൊരുങ്ങുകയാണ്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ പത്തിനാണ് തിയേറ്ററുകളിലെത്തുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അണ്ടേ സുന്ദരാനികി ഒരു യുണീക് കോമഡി ചിത്രമാണെന്നും തന്റെ പഴയ സിനിമകളുമായി ഒരു സാമ്യവുമില്ലാത്ത തരത്തിലാണ് വിവേക് സിനിമ എഴുതിയതെന്നും നാനി പറയുന്നു.

ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാനി. അടുത്തിടെ കണ്ടതില്‍ ഇഷ്ടപ്പെട്ട ചിത്രമേതെന്ന ചോദ്യത്തിന് ജയ് ഭീമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ജയ് ഭീം കണ്ടപ്പോള്‍ അതുപോലൊരു സിനിമ എനിക്കും ചെയ്താല്‍ കൊള്ളാമെന്ന് തോന്നി. അതിലുമുപരി അതുപോലെയുള്ള കഥകള്‍ തെലുങ്ക് പ്രേക്ഷകരോട് പറയണമെന്ന് തോന്നി. ജയ് ഭീം നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമയാണ്,’ നാനി പറഞ്ഞു.

‘ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട് രണ്ട് മൂന്ന് പടങ്ങള്‍ മാത്രം ചെയ്ത സംവിധായകരുമായി എന്തിനാണ് വര്‍ക്ക് ചെയ്യുന്നതെന്ന്. നിലവിലുള്ള സംവിധായകരുമായി ജോലി ചെയ്യുന്നതിനെക്കാള്‍ എനിക്ക് സന്തോഷം നല്‍കുന്നത് ഭാവിയില്‍ മുന്‍നിരയിലേക്ക് എത്താന്‍ പോകുന്ന സംവിധായകരുമായി ജോലി ചെയ്യുന്നതാണ്.

വിവേകിനെ കണ്ടുമുട്ടിയതിന് ശേഷം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഭാവിയില്‍ സിനിമയെ മുന്നില്‍ നയിക്കാന്‍ പോകുന്ന വ്യക്തിയായിരിക്കും വിവേക് എന്നാണ് അപ്പോള്‍ തോന്നിയത്. വിവേകിന് അദ്ദേഹത്തിന്റേതായ സിനിമാ ശൈലിയുണ്ട്. അദ്ദേഹത്തെ പോലെ കഥകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ഞാന്‍ ഒരു ധൈര്യത്തില്‍ മുമ്പോട്ട് പോകുന്നതാണ്. ഒരു പുതുമുഖമായിരുന്നപ്പോള്‍ എന്നെ വിശ്വസിച്ച് ഒരുപാട് സംവിധായകര്‍ സിനിമ ചെയ്തു. അതുകൊണ്ട് ഇന്ന് ഞാന്‍ ഇവിടെ എത്തി. എനിക്ക് കിട്ടിയത് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ പുതിയ പ്രതിഭകള്‍ക്ക് ലഭിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദസറയാണ് അണിയറയില്‍ ഒരുങ്ങുന്ന നാനിയുടെ മറ്റൊരു സിനിമ. ചിത്രത്തിന്റെ 25 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായെന്നും തെലുങ്ക് സിനിമയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും റോ ആയിട്ടുള്ള സിനിമ ആയിരിക്കും ദസറ എന്ന് തനിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമെന്നും നാനി പറഞ്ഞു.

Content Hightlight: nani answer to the question of which is his favorite film in recent time was Jai Bhim