ലോകകപ്പിൽ 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അന്ന് ന്യൂസിലാൻഡ്, ഇന്ന് നമീബിയ! ചരിത്രം സാക്ഷി
Cricket
ലോകകപ്പിൽ 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അന്ന് ന്യൂസിലാൻഡ്, ഇന്ന് നമീബിയ! ചരിത്രം സാക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 10:31 am

ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ നമീബിയക്ക് ആവേശകരമായ വിജയം. സൂപ്പര്‍ ഓവറില്‍ 11 റൺസിനാണ് ഒമാനെ നമീബിയ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടാനാണ് സാധിച്ചത്. ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് സൂപ്പര്‍ ഓവര്‍ നടക്കുന്നത്. ഇതിനുമുമ്പ് 2012ലെ ലോകകപ്പില്‍ ആണ് സൂപ്പര്‍ ഓവര്‍ നടന്നിട്ടുള്ളത്. ന്യൂസിലാന്‍ഡ്-ശ്രീലങ്ക മത്സരമായിരുന്നു ടി-20 ലോകകപ്പില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ ആദ്യ മത്സരം.

ഈ മത്സരത്തില്‍ ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു വിജയം. നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മറ്റൊരു സൂപ്പര്‍ ഓവര്‍ ലോകകപ്പിന്റെ വേദിയില്‍ അരങ്ങേറിയത്.

അതേസമയം നമീബിയ ബൗളിങ്ങില്‍ റൂബന്‍ ട്രമ്പല്‍മാന്‍ നാല് വിക്കറ്റും ഡേവിഡ് വീസ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ട് വിക്കറ്റും ബെര്‍ണാട് സ്‌കോല്‍ട്‌സ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

39 പന്തില്‍ 34 റണ്‍സ് നേടിയ ഖാലിദ് കാലിയാണ് ഒമാന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 22 നേടിയ സീഷാന്‍ മഖ്‌സൂധും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

നമീബയുടെ ബാറ്റിങ്ങില്‍ ജാന്‍ ഫ്രയ്‌ലിന്‍ക് 48 പന്തില്‍ 49 റണ്‍സും നിക്കോ ഡാവിന്‍ 31 പന്തില്‍ 24 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

ഒമാന്‍ ബൗളിങ്ങില്‍ മെഹ്‌റന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ജൂണ്‍ ആറിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. ജൂണ്‍ ഏഴിന് നടക്കുന്ന മത്സരത്തില്‍ നമീബിയ സ്‌കോട്‌ലാന്‍ഡിനെയും നേരിടും.

Content Highlight: Namibia beat Oman in Super over