Entertainment news
പ്രതിഫലം തരാതിരിക്കാന്‍ വേണ്ടി ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു: ജിജോയ് പി.ആര്‍.
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 15, 07:46 am
Saturday, 15th March 2025, 1:16 pm

നിറം മുതല്‍ ജയ്ഭീം വരെ മലയാളത്തിലും തമിഴിലുമായി മുപ്പത്തിഅഞ്ചിലധികം സിമികളില്‍ അഭിനയിക്കുയും ഏതാനും സിനിമകള്‍ക്ക് ഡബ്ബ് ചെയ്യുകയും ചെയ്ത കലാകാരനാണ് ജിജോയ് പി.ആര്‍. അഭിനേതാവ് എന്നതിലുപരി അധ്യാപകന്‍ കൂടിയായ അദ്ദേഹം നിലവില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ കൂടിയാണ്.

സിനിമകള്‍ക്കപ്പുറം നാടകമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമേഖലയും പഠന വിഷയവും. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ടൊവീനോക്കും ജയ്ഭീമിലെ ഇരുള സമുദായത്തില്‍ നിന്നുള്ള അഭിനേതാക്കള്‍ക്കും തുടങ്ങി മറ്റനേകം സിനിമകളിലെ അഭിനേതാക്കള്‍ക്കും ട്രെയ്‌നിങ് നല്‍കിയതും ജിജോയ് പി.ആര്‍. എന്ന ഈ കലാകാരനാണ്.

2004ല്‍ ജിജോയ് അഭിനയിച്ച സിനിമകളിലൊന്നായിരുന്നു അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത ഡിസംബര്‍. ഈ സിനിമയിലെ ജിജോയ് അവതരിപ്പിച്ച ബോണി എന്ന കഥാപാത്രവും ആ കഥാപാത്രത്തിന്റെ ഒരു ഡയലോഗും പിന്നീട് സോഷ്യല്‍ മിഡയയില്‍ വലിയ രീതിയില്‍ റോസ്റ്റ് ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.

അത്തരം വീഡിയോകളെല്ലാം താന്‍ കണ്ടിട്ടുണ്ടെന്നും അതെല്ലാം താന്‍ ഒരു രസമായിട്ടാണ് ഉള്‍ക്കൊണ്ടതെന്നും പറയുകയാണ് ജിജോയ് ഇപ്പോള്‍. എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ ആ സിനിമ തനിക്കൊരു മോശം അനുഭവമായിരുന്നു എന്നും ജിജോയ് പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പറഞ്ഞ ദിവസത്തേക്കാള്‍ ഒരു പാട് ദിവസങ്ങള്‍ നീണ്ടുപോയ സിനിമയാണ് ഡിസംബര്‍. ഒട്ടും ഫിനാന്‍ഷ്യലായി അവര്‍ നമ്മളെ ട്രീറ്റ് ചെയ്തിട്ടില്ല. പോണ്ടിച്ചേരിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നും എക്‌സാമൊക്കെ പെട്ടെന്ന് എഴുതി തീര്‍ത്താണ് ഇവിടെ വന്ന് അതില്‍ അഭിനയിച്ചത്.

ജിജോയ് പി.ആര്‍. JIJOY PR

ജിജോയ് പി.ആര്‍.

ആ സമയത്ത് ആക്ടിങ് എന്ന് പറയുന്നത് ഭയങ്കര ഭ്രാന്തായിരുന്നു. മൊത്തം സ്‌ക്രിപ്റ്റ് പഠിച്ചുവെക്കുന്ന അവസ്ഥയൊക്കെയുണ്ടായിരുന്നു. പിന്നെയാണ് മനസിലായത് നമ്മള്‍ അത്രയൊന്നും ആത്മാര്‍ത്ഥത കാണിക്കരുതെന്ന്. പൈസതരാതിരിക്കാന്‍ വേണ്ടി നമ്മളെയൊക്കെ പറഞ്ഞയച്ചതിന് ശേഷം ഡബ്ബിങ് വേറെ ആളെക്കൊണ്ടാണ് ചെയ്യിച്ചത്. അങ്ങനെയുള്ള അവസ്ഥകളൊക്കെ ഉണ്ടായി. പ്രൊഫഷണിലസം ഇല്ലായ്മയുടെ ഉദാഹരണം കൂടിയാണത്.

ഡിസംബറില്‍ ഡബ്ബ് ചെയ്തത് ഞാനല്ല. പ്രശാന്താണ് എന്റെ വോയ്‌സ് ചെയ്തിട്ടുള്ളത്. പ്രശാന്ത് എന്നോട് പറഞ്ഞിരുന്നു ഇക്കാര്യം. അതൊന്നും കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ബോഡിയില്‍ വേറെയൊരു വോയ്‌സ് കയറുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ പറ്റില്ല.

നമ്മുടെ ബാക്ഗ്രൗണ്ട്, തോട്ട്‌പ്രോസസ് എല്ലാം വോയ്‌സില്‍ കൂടിയല്ലേ പ്രതിഫലിക്കുക. അത് വേറൊരാള്‍ ചെയ്യുമ്പോള്‍ നമുക്ക് സങ്കല്‍പിക്കാന്‍ പോലും പറ്റില്ല. പക്ഷെ അവര്‍ നമ്മളെ വിളിക്കേണ്ട എന്ന തീരുമാനിച്ചത് സാമ്പത്തികം ഒഴിവാക്കാന്‍ വേണ്ടിയാണ്,’ ജിജോയ് പി.ആര്‍. പറഞ്ഞു.

CONTENT HIGHLIGHTS: My character was dubbed by someone else in the movie December to avoid getting paid: Jijoy PR.