എനിക്ക് ഏറ്റവും സഹിക്കാൻ പറ്റാതിരുന്ന കാര്യം അതാണ്; പട്ടിണി കിടന്നതൊന്നും വിഷമമല്ല: നജീബ്
Film News
എനിക്ക് ഏറ്റവും സഹിക്കാൻ പറ്റാതിരുന്ന കാര്യം അതാണ്; പട്ടിണി കിടന്നതൊന്നും വിഷമമല്ല: നജീബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2024, 3:01 pm

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. അവിശ്വസനീയമായ അതിജീവനത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിക്കുമോ എന്ന് തോന്നിപ്പോകും.

ഈ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആണ്. നോവലിലെ നജീബിന്റെ എല്ലാ നിസഹായാവസ്ഥയും കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പൃഥ്വിരാജ് എന്ന നടന് സാധിച്ചു.

മരുഭൂമിയിൽ അകപെട്ടപ്പോൾ സഹിക്കാൻ കഴിയാത്ത അനുഭവം പങ്കുവെക്കുകയാണ് നജീബ്. തനിക്ക് ഏറ്റവും സഹിക്കാൻ കഴിയാത്തത് വീട്ടിലെ കാര്യങ്ങൾ അറിയാൻ കഴിയാഞ്ഞതാണെന്ന് നജീബ് പറഞ്ഞു. താൻ ഗൾഫിലേക്ക് പോകുമ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി ആയിരുന്നെന്നും പ്രസവിച്ചോ ഇല്ലയോ എന്നറിയില്ലെന്നും നജീബ് പറയുന്നുണ്ട്. കത്ത് അയക്കാനോ കാര്യങ്ങൾ അറിയണോ ആരോടും സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് നജീബ് കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും സഹിക്കാൻ പറ്റാത്ത സംഭവം, എന്റെ ഭാര്യ എട്ടുമാസം ഗർഭിണിയാണ്. പ്രസവിച്ചോ ഇല്ലയോ എന്നറിയില്ല. ഒരു കത്ത് അയക്കാൻ പറ്റുന്നില്ല. ഇവരെ അറിയിക്കാൻ പറ്റുന്നില്ല. ആരും ആയിട്ട് സംസാരിക്കാൻ പറ്റുന്നില്ല. അതൊക്കെയാണ് എനിക്ക് ഏറ്റവും വലിയ വിഷമം. പട്ടിണി കിടന്നതൊന്നും വിഷമമല്ല. എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാത്തതാണ് എനിക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയത്,’ നജീബ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ വലിയ നേട്ടവുമായി പൃഥ്വിരാജ് സുകുമാരന്‍ – ബ്ലെസി ചിത്രം ആടുജീവിതം. പൃഥ്വിരാജിന് പുറമെ അമല പോൾ, ഗോകുൽ, ജിമ്മി ലൂയിസ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രം തിയേറ്ററുകളിലെത്തി പതിനാറ് ദിവസങ്ങള്‍ പിന്നിട്ടപ്പോൾ തന്നെ 2024ലെ വലിയ വിജയചിത്രമായ പ്രേമലുവിനെ മറികടന്നിരിക്കുകയാണ്. പ്രേമലുവിനെ പിന്നിലാക്കി ലോകബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എക്കാലത്തെയും നാലാമത്തെ മലയാള ചിത്രമായി ആടുജീവിതം മാറി.

Content Highlight: Najeeb shares his struggle while stuck in desert