ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഷാജിമാര്‍; മേരാ നാം ഷാജി റിവ്യു
movie review
ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഷാജിമാര്‍; മേരാ നാം ഷാജി റിവ്യു
അശ്വിന്‍ രാജ്
Friday, 5th April 2019, 7:35 pm

പേര് കൊണ്ട് തന്നെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാവാറുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത മേരാ നാം ഷാജിയും പേര് കൊണ്ട് തന്നെ ആദ്യം ശ്രദ്ധ നേടിയതാണ്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഷാജിമാരുടെ കഥയാണിത്. കേരളത്തില്‍ ജാതിയും മതവും ഒന്നുമില്ലാത്ത ഒരു പേരാണ് ഷാജി എന്നാണ് പൊതുവേ പറയപ്പെടുന്നത്. നമ്മുടെ സിനിമകളില്‍ ഗുണ്ടകളുടെ ആസ്ഥാന നാമമാണ് ഷാജി.

കോഴിക്കോട്ടെ ഷാജി ഉസ്മാന്‍, തിരുവനന്തപുരത്തെ ഷാജി സുകുമാരന്‍, കൊച്ചിയിലെ ഷാജി ജോര്‍ജ് എന്നീ മൂന്ന് ഷാജിമാരെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ് യഥാക്രമം ഈ റോളുകള്‍ ചെയ്യുന്നത്.

നാദിര്‍ഷയുടെ മുന്‍ ചിത്രങ്ങളെ പോലെ കോമഡി ട്രാക്കില്‍ തന്നെയാണ് മേരാ നാം ഷാജിയും. ആസിഫ് അലി, ബിജു മേനോന്‍, ബൈജു ത്രയങ്ങളുടെ കൂടെ ധര്‍മ്മജന്‍ കൂടി ചേരുമ്പോള്‍ ചിത്രത്തിലെ കോമഡി ട്രാക്ക് സെറ്റ് ചെയ്യുന്നുണ്ട്. പക്ഷേ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് പലതും ചീറ്റി പോകുന്ന അവസ്ഥയാണ് ഉള്ളത്.

എടുത്ത് പറയേണ്ടത് ബൈജുവിന്റെ പ്രകടനം തന്നെയാണ്. വളരെ സ്വാഭാവികമായി അങ്ങേര്‍ക്ക് കോമഡി അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ തിരിച്ചു വരവിന് ശേഷം ഒരു മുഴുനീള കഥാപാത്രം ഷാജി എന്ന ഈ കഥാപാത്രമായിരിക്കണം. തിരുവനന്തപുരം ഷാജി കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട് ഷാജി തന്നെയാണ് പൊളിച്ചത്. കോഴിക്കോട്ടെ ഗുണ്ട ഷാജിയായ ബിജു മേനോന്‍ കോമഡിയും പൊടിക്ക് മാസും ചേര്‍ന്ന കഥാപാത്രമാണ്. പക്ഷേ പടയോട്ടം എന്ന സിനിമ മാറ്റിവെച്ചാല്‍ കഴിഞ്ഞ കുറെ പടങ്ങളില്‍ കാണുന്ന സ്ഥിരം പാറ്റേണ്‍ തന്നെയാണ് ഇതിലും.

യുവ താരങ്ങളില്‍ വളരെ സ്വാഭാവികമായി കോമഡി ചെയ്യാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. പക്ഷേ ഷാജിയില്‍ സാധ്യതകള്‍ ഉണ്ടായിട്ടും അത് പൂര്‍ണമായി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പിന്നെ കുന്തീശന്‍ എന്ന നായകന്റെ മണ്ടന്‍ കൂട്ടുകാരനായി ധര്‍മ്മജനും എത്തുന്നുണ്ട്. ( കാലം ഇത്രയായിട്ടും നായകന്റെ കൂട്ടുകാരന് ബുദ്ധി എന്താണ് വരാത്തതാവോ എന്തോ ?)

സിനിമയിലെ കഥയിലേക്ക് വരികയാണെങ്കില്‍ മൂന്ന് ഷാജിമാരും കൊച്ചിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നിടത്താണ് കഥ വികസിക്കുന്നത്.

കോഴിക്കോട്ടെ ഗുണ്ടയായ ഷാജി ഉസ്മാന്‍ പ്രദേശിക കമ്മ്യൂണിസ്റ്റ് നേതാവിനെ കുറച്ച് കാലത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെടുകയാണ്. ആത്ഭുതമെന്ന് പറയട്ടെ കൊച്ചിയിലെ ഉടായിപ്പ് ഷാജി ജോര്‍ജിന്റെ ഏട്ടനാണ് പണി കൊടുക്കേണ്ടത്. പക്ഷേ അത്ഭുതം അവിടെ തീര്‍ന്നില്ല ടാക്‌സി ഡ്രൈവറായ നമ്മുടെ തിരുവനന്തപുരത്തെ ഷാജി സുകുമാരന്‍ കൊച്ചിയിലേക്ക് കുറച്ച് യാത്രക്കാരെയും കൊണ്ടുവരുന്നത് അതും ഷാജി ജോര്‍ജിന്റെ കാമുകിയുമായി……… എന്താല്ലെ !!!

പടം ഷാജിമാരുടെ കഥയാണെങ്കിലും സംവിധായകന്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന് വേണ്ടിട്ടാണെന്ന് തോന്നുന്നു. തെളിവുണ്ടാക്കി ഏത് പ്രമുഖനെയും പിടിച്ച് അകത്തിടാന്‍ കഴിയുമെന്ന് പൊലീസുകാരനെ കൊണ്ട് പറയിപ്പിക്കുന്നത്. പക്ഷേ അത് മാത്രമായാല്‍ പറ്റില്ലല്ലോ. “ഭാര്യയെ തല്ലാന്‍ “കെട്ടിയവന്റെ” കൈയ്യില്‍ വടിയുണ്ടാവണമെന്ന് ഉപദേശം കൊടുക്കാനും ഫെമിനിസത്തിനിട്ട് കൊട്ടാനും സംവിധായകന്‍ മടിക്കുന്നില്ല. പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് ഇത്തിരി സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗവും……….. പിന്നെയും എന്താല്ലെ!!!

പടത്തിന്റെ കഥ അധികം പറഞ്ഞ് കാണാന്‍ പോകുന്നവരുടെ താല്‍പ്പര്യം കുറയ്ക്കുന്നില്ല. നിഖില വിമലാണ് ചിത്രത്തിലെ നായിക. മൈഥിലി, സുരഭി, രഞ്ജിനി ഹരിദാസ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമേ ശ്രീനിവാസന്‍, സാദിഖ്, ഗണേഷ് കുമാര്‍, ടിനി ടോം, സാവിത്രി ശ്രീധരന്‍, നിര്‍മ്മല്‍ പാലാഴി, തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.

ഷാനി ഖാദറിന്റെ കഥയ്ക്ക് ദിലീപ് പൊന്നന്‍ ആണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചത്. വിനോദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എമില്‍ മുഹമ്മദും നാദിര്‍ഷയുമാണ് ചിത്രത്തിന്റെ സംഗീതം.

അമര്‍ അക്ബര്‍ അന്തോണിയും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും പ്രതീക്ഷിച്ച് തിയേറ്ററില്‍ പോകാതിരിക്കുന്നതായിരിക്കും നല്ലത്. ശരിക്കും വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും കുറവ് നാദിര്‍ഷയുടെ മൂന്നാം ചിത്രത്തില്‍ നന്നായി അറിയുന്നുണ്ട്.

എന്‍.ബി: ഇക്കിളിയിട്ടില്ലെങ്കിലും ചെറിയ തമാശക്ക് പോലും പൊട്ടിചിരിക്കാറുണ്ട്….. പക്ഷേ കാലങ്ങളായി ഉപയോഗിക്കുന്ന സ്ത്രീവിരുദ്ധ തമാശകള്‍ക്കും ദ്വയാര്‍ത്ഥ “കോമഡി”കള്‍ക്കും ചിരിക്കാന്‍ ഒരിത്തിരി ബുദ്ധിമുട്ടുണ്ട്.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.