ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ പുറത്താക്കി.
Daily News
ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ പുറത്താക്കി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th November 2015, 11:29 am

n.-sreenivas

മുംബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ പുറത്താക്കി.

രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് ശ്രീനിവാസന്‍ ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള അധികാര കാലം നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പൂര്‍ത്തിയാക്കും.

തിങ്കളാഴ്ച മുംബൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗമാണ് ശ്രീനിവാസനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ഈ തീരുമാനം ബി.സി.സി.ഐ, ഐ.സി.സിയെ അറിയിക്കും.

ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ നീക്കങ്ങളാണ് ശ്രീനിവാസന്റെ ക്രിക്കറ്റിന്റെ തലപ്പത്തുള്ള പിടിപാടിന് ഇളക്കംവരുത്തിയത്.

ബി.സി.സി.ഐയ്ക്ക് ഐ.സി.സി ചെയര്‍മാനെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലയളവ് അടുത്ത ജൂണില്‍ അവസാനിയ്ക്കും. ജൂണ്‍ വരെയായിരിയ്ക്കും പുതിയ ചെയര്‍മാന്റെ കാലാവധി.

പരാതികള്‍ പരിശോധിയ്ക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിയ്ക്കാനുള്ള നിര്‍ദ്ദേശം ബി.സി.സി.ഐ യോഗത്തില്‍ ഉയര്‍ന്നു വന്നു. ബി.സി.സി.ഐ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ ഓംബുഡ്‌സ്മാന്‍ പരിശോധിയ്ക്കും.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ കര്‍ശനമാക്കും. ദേശീയ സെലക്ഷന്‍ പാനല്‍ തിരഞ്ഞെടുക്കുന്ന ടീമുകള്‍ ബി.സി.സി.ഐ അദ്ധ്യക്ഷന്റെ അംഗീകാരം നേടേണ്ടി വരുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.