മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 2019ലാണ് അനൗണ്‍സ് ചെയ്തത്. 2020ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനവും പിന്നാലെ വന്ന ലോക്ക്ഡൗണും ഷൂട്ടിങ്ങിന്റെ താളം തെറ്റിച്ചു. കൊവിഡിന് ശേഷം ചിത്രീകരണം പകുതിയിലധികം തീര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യത മൂലം ഷൂട്ട് മുടങ്ങുകയും പിന്നീട് റാം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. റാമിന്റെ ഷൂട്ട് ആരംഭിച്ച ശേഷം ജീത്തു ജോസഫ് നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും റാം മാത്രം പെട്ടിയില്‍ കിടക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നുപോലും ജീത്തു ജോസഫ് ഒഴിഞ്ഞു മാറിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷത്തോടെ ചിത്രീകരണം അവസാനിക്കുമെന്നാണ് കരുതുന്നത്. ഏപ്രിലില്‍ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും നവംബറില്‍ ബാക്കി ഭാഗം ചിത്രീകരിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം റാം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.
Active discussions are underway to resume the #RAM shoot!
A one-week shoot is planned for April, and the rest scheduled for November.#Mohanlal #JeethuJoseph
— Southwood (@Southwoodoffl) February 16, 2025
ആറോളം രാജ്യങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയായെന്നും ആദ്യ ഭാഗം മാത്രമാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളതെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ പലപ്പോഴായി പറഞ്ഞത്.
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയാണ് റാമിലെ നായികാവേഷത്തിലെത്തുന്നത്. മോഹന്‍ലാല്‍- തൃഷ കോമ്പോ ആദ്യമായി ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്, ചന്തുനാഥ്, പ്രാചി ടെഹ്ലാന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ, സംയുക്ത മേനോന്‍, സുമന്‍, ഷോബി തിലകന്‍ തുടങ്ങി വന്‍ താരനിര റാമില്‍ അണിനിരക്കുന്നുണ്ട്.
നിലവില്‍ ആസിഫ് അലിയെ നായകാനാക്കി ഒരുക്കുന്ന മിറാജിന്റെ പണിപ്പുരയിലാണ് ജീത്തു ജോസഫ്. കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കോമ്പോ ഒന്നിക്കുന്ന ചിത്രമാണിത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് മിറാജ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം പൂര്‍ത്തിയായതിന് ശേഷമാകും ജീത്തു റാമിന്റെ പണിപ്പുരയിലേക്ക് കടക്കുക.
Content Highlight: Reports that Mohanlal Jeethu Joseph movie Ram will resume the shoot this year