Sports News
രഞ്ജി ട്രോഫി: കരുത്തായി ക്യാപ്റ്റന്‍, ആദ്യ ദിനത്തില്‍ 206; ഫൈനല്‍ ലക്ഷ്യമിട്ട് കേരളം കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 12:13 pm
Monday, 17th February 2025, 5:43 pm

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഗുജറാത്തിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഓപ്പണര്‍മാര്‍ കേരള ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെയാണ് ഹോം ടീം കേരളത്തിന്റെ ആദ്യ രക്തം ചിന്തിയത്. 71 പന്തില്‍ 30 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്ന അക്ഷയ് ചന്ദ്രനെ റണ്‍ ഔട്ടാക്കി ഗുജറാത്ത് ആദ്യ ബ്രേക് ത്രൂ നേടി.

അധികം വൈകാതെ രണ്ടാം ഓപ്പണറായ രോഹന്‍ എസ്. കുന്നുമ്മലും കൂടാരം കയറി. അക്ഷയ് ചന്ദ്രന്‍ പുറത്തായി മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഗുജറാത്ത് ഒരിക്കല്‍ക്കൂടി കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. 68 പന്തില്‍ 30 റണ്‍സുമായി നില്‍ക്കവെ രവി ബിഷ്‌ണോയ്‌യുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് രോഹന്‍ തിരിച്ചുനടന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായി മാറ്റമുണ്ടാകുന്നതിന് മുമ്പ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വരുണ്‍ നായനാരെയും ഗുജറാത്ത് പുറത്താക്കി. 55 പന്ത് നേരിട്ട താരം പത്ത് റണ്‍സാണ് നേടിയത്. പ്രിയജീത് ജഡേജയുടെ പന്തില്‍ ഉര്‍വില്‍ പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ജലജ് സക്‌സേനയെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. നാലാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സച്ചിന്‍ ബേബി കേരളത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.

83 പന്തില്‍ 30 റണ്‍സ് നേടിയ സക്‌സേന പുറത്തായെങ്കിലും പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീനെ ഒപ്പം കൂട്ടിയാണ് ക്യാപ്റ്റന്‍ കേരളത്തിന് കരുത്തായി ബാറ്റിങ് തുടരുന്നത്.

ഒടുവില്‍ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ് കേരളം. 193 പന്തില്‍ 69 റണ്‍സുമായി സച്ചിന്‍ ബേബിയും 83 പന്തില്‍ 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍ തുടരുന്നത്.

ഗുജറാത്തിനായി രവി ബിഷ്‌ണോയ്, അര്‍സന്‍ നഗ്‌വാസ്‌വാല, പ്രിയജീത് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കേരള പ്ലെയിങ് ഇലവന്‍

അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, വരുണ്‍ നായനാര്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വാതെ, എം.ഡി. നിധീഷ്, സല്‍മാന്‍ നിസാര്‍, എന്‍. ബേസില്‍.

ഗുജറാത്ത് പ്ലെയിങ് ഇലവന്‍

ആര്യ ദേശായി, മനന്‍ ഹിംഗ്രജിയ, പ്രിയാങ്ക് പാഞ്ചല്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ചിന്തന്‍ ഗജ (ക്യാപ്റ്റന്‍), ജയ്മീത് മനീഷ്ഭായ് പട്ടേല്‍, വിശാല്‍ ജയ്‌സ്വാള്‍, അര്‍സന്‍ നഗ്‌വാസ്‌വാല, പ്രിയജീത് ജഡേജ, രവി ബിഷ്‌ണോയ്, സിദ്ധാര്‍ത്ഥ് ദേശായി.

 

Content Highlight: Ranji Trophy Semi Final: Kerala vs Gujarat: Day 1 Updates