തിരുവനന്തപുരം: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എം.പി. രമ്യ ഹരിദാസ് നല്‍കിയ വിശദീകരണത്തില്‍ കഴമ്പില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. വീഡിയോ കണ്ടവര്‍ക്ക് അറിയാം ഇത് ശരിയല്ലെന്ന് എന്നാണ് എന്‍.എസ്. മാധവന്‍ പ്രതികരിച്ചത്.
‘ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും,’ എന്നാണ് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ രമ്യ ഹരിദാസിന്റെ വിശദീകരണം ഉള്‍പ്പെട്ട ചിത്രമടക്കം നല്‍കിയാണ് എന്‍.എസ്. മാധവന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പി., മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം, റിയാസ് മുക്കോളി തുടങ്ങി എട്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ കയറിയത്.
ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഇതുവരെ ആര്‍ക്കും നല്‍കിയില്ലെന്നും പിന്നെ ഇവര്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണെന്നും ചൂണ്ടിക്കാണിച്ച് എം.പിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടക്കുകയുമുണ്ടായി.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി രമ്യ ഹരിദാസ് എം.പി. രംഗത്തെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാനല്ല, പാഴ്‌സല്‍ വാങ്ങിക്കാനാണ് ഹോട്ടലില്‍ പോയി ഇരുന്നതെന്നും യുവാവ് കയ്യില്‍ കയറി പിടിച്ചതുകൊണ്ടാണ് അവരെ മറ്റു നേതാക്കള്‍ കയ്യേറ്റം ചെയ്തത് എന്നുമായിരുന്നു നല്‍കിയ വിശദീകരണം.
യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും എം.പി. പറഞ്ഞു.
ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് യുവാവ് മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇതിലെവിടെയും യുവാവ് എം.പിയോട് മോശമായി പെരുമാറുന്നത് കാണാന്‍ കഴിയുന്നില്ലെന്നാണ് പ്രതിഷേധമുയര്‍ത്തുന്നവര്‍ പറയുന്നത്.
സംഭവം ചോദ്യം ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതെന്നാണ് ഉയരുന്ന ആരോപണം.