ശിക്ഷാകാലാവധി കഴിഞ്ഞും ക്രൂരപീഡനത്തിനിരയായി മണിപ്പൂരിലെ മ്യാൻമാർ അഭയാർത്ഥികൾ
NATIONALNEWS
ശിക്ഷാകാലാവധി കഴിഞ്ഞും ക്രൂരപീഡനത്തിനിരയായി മണിപ്പൂരിലെ മ്യാൻമാർ അഭയാർത്ഥികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 12:02 pm

ഇംഫാൽ: മ്യാൻമാർ ജനത ഇന്ത്യൻ ജയിലുകളിൽ മനുഷ്യത്വ വിരുദ്ധ പ്രവർത്തികൾക്കിരയാവുന്നതായി റിപ്പോർട്ടുകൾ. മ്യാൻമാറിൽ സമാധാനം നില നിർത്താൻ ഇന്ത്യ ആഹ്വാനം ചെയ്യുമ്പോഴാണ് അധികാരികൾ മോശമായി പെരുമാറുന്നുവെന്ന്‌ ആരോപിച്ച് ഇന്ത്യയിലെ മണിപ്പൂർ ജയിലിലടക്കപെട്ട അഭയാർത്ഥികൾ നിരാഹാര സമരം ചെയ്യുന്നത്.

Also Read: റോഡ് സൈഡിൽ അവന്റെ ഫ്ലക്സ് ഉയർന്നു നിൽക്കുന്നു അതും പ്രേമിച്ചുകൊണ്ട്, എനിക്ക് ശരിക്കും അഭിമാനം തോന്നി: റോഷൻ മാത്യു

കഴിഞ്ഞ ഡിസംബർ മുതൽ മ്യാൻമാറിലെ സൈനിക ഭരണകൂടവും വംശീയ ഗ്രൂപ്പുകളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട സായുധ സംഘട്ടനത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇതുവരെ മുപ്പത് ലക്ഷത്തിലധികം മ്യാൻമാർ പൗരന്മാർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ വരെ, മതപരമായ കെട്ടിടങ്ങൾ ഉൾപ്പെടെ 88,000-ത്തിലധികം വീടുകൾ സംഘർഷത്തിൽ കത്തിനശിച്ചിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങളും ബോംബാക്രമണങ്ങളും ഭക്ഷ്യക്ഷാമവും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ഇന്ത്യയിൽ മാത്രം 70,000 പേരെങ്കിലും അഭയം തേടിയിട്ടുണ്ട്.

മണിപ്പൂരിലെ ജയിലിൽ നിലവിലുള്ളവർ ക്രൂരമായ പീഡനങ്ങൾക്കിരയാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന മ്യാന്മറിൽ 2021നു ശേഷം നടന്ന സൈനിക അട്ടിമറിയിൽ 211പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 76പേരെ സൈന്യത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

മൊത്തത്തിൽ 200 ഓളം മ്യാൻമാർ അഭയാർത്ഥികൾ നിലവിൽ മണിപ്പൂരിലെയും അസമിലെയും ജയിലുകളിൽ തടവ് അനുഭവിക്കുകയും പിഴ തുക അടക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ പിഴത്തുക അടച്ചിട്ടും ശിക്ഷ പൂർത്തിയായിട്ടും അഭയാർത്ഥികളെ വിട്ടയക്കുന്നില്ലെന്നും പറഞ്ഞ് നിരവധി പേരാണ് നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. ജൂൺ 17 മുതൽ നൂറിലധികം അഭയാർത്ഥികൾ ഇംഫാൽ ജയിലിൽ നിരാഹാര സമരം നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജയിലിൽ ഭക്ഷണത്തിൻ്റെയും ശുദ്ധജലത്തിൻ്റെയും ദൗർലഭ്യം നേരിടുന്നുണ്ടെന്നും ഇത് ടോയ്‌ലറ്റിൽ നിന്ന് വരെ വെള്ളം കുടിക്കാൻ ആളുകൾ നിർബന്ധിതരായിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. കൂടാതെ, തടവുകാർക്ക് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ കുളിക്കാൻ അനുവാദമുള്ളൂ എന്നും മറ്റ് ഇന്ത്യൻ തടവുകാർ അവരെ ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Myanmar Refugees Being Ill-Treated in Indian Jails Despite Serving Terms, Paying Fines