Film News
സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാണെങ്കിലും അവര്‍ ഒന്നാമത് തന്നെ എത്തും: പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും പറ്റി എം.വി പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 23, 09:33 am
Saturday, 23rd April 2022, 3:03 pm

മലയാള സിനിമ മേഖലയില്‍ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. കോമഡി, വില്ലന്‍, സീരിയസ് അങ്ങനെ കയ്യില്‍ കിട്ടുന്ന ഏത് വേഷവും ഇന്ദ്രജിത്ത് മികച്ചതാക്കുമ്പോള്‍ പൃഥ്വിരാജ് മികച്ച അഭിനയത്തിന് പുറമേ സംവിധാന രംഗത്തും കൈവെച്ചു.

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ഉപദേശിക്കാറില്ലെന്നും, അലംകൃതയുടെ എഴുതാനുള്ള കഴിവ് പൃഥ്വിരാജില്‍ നിന്ന് കിട്ടിയതാണെന്നും പറയുകയാണ് നടി മല്ലിക സുകുമാരന്റെ സഹോദരന്‍ എം.വി പിള്ള. കാന്‍സര്‍ ചികിത്സാ വിദഗ്ദന്‍ കൂടിയാണ് അദ്ദേഹം. ബിഹൈന്റ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരു അമ്മാവന്‍ എന്ന രീതിയില്‍ ഞാന്‍ ഒരു ഉപദേശവും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൊടുത്തിട്ടില്ല. ഞങ്ങളുടെ കുടുബത്തില്‍ ആരെയും അങ്ങനെ വിളിച്ചിരുത്തി ഉപദേശം കൊടുക്കാറില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പല മൂല്യങ്ങള്‍ കാണാന്‍ കഴിയും. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും എല്ലാ കുടുബാംഗങ്ങളോടും സ്നേഹവും അടുപ്പവുമുണ്ട്.

ഒരു അമ്മാവന്‍ എന്ന രീതിയില്‍ അവരെ വഴക്ക് പറയേണ്ട ആവശം ഒരിക്കലും എനിക്ക് വന്നിട്ടില്ല. അതിന്റെ ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും ഞങ്ങളുടെ പ്രതീക്ഷയെ കവിഞ്ഞ് നന്നായി വന്നിട്ടുണ്ട്. രണ്ട് പേരും വളരെ മിടുക്കന്മാരാണ്. സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും അവര്‍ ഒന്നാമത് തന്നെ എത്തും. കാരണം, എനിക്ക് അവരുടെ കഴിവുകള്‍ എന്താണെന്ന് മനസ്സിലായി,” എം.വി പിള്ള പറഞ്ഞു.

”രാജുവിന്റെയും ഇന്ദ്രന്റെയും മക്കളും വളരെ മിടുക്കികളാണ്. എനിക്ക് തോന്നുന്നു ഈ ഇന്റര്‍നെറ്റും ഇന്‍ഫോര്‍മെഷന്‍ ടെക്ക്നോളജിയുമാണ് അവരെ മിടുക്കന്മാരാക്കുന്നത്. അവരോട് ഏത് വിഷയത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിലും വളരെ ശ്രദ്ധയോടെ കേട്ടിരിക്കും.

രാജുവിന്റെ മകള്‍ അലംകൃത നല്ല കുസൃതിയാണ്. അവള്‍ നന്നായി കവിത എഴുതും. അത് എനിക്ക് തോന്നുന്നു രാജുവിന്റെ അടുത്ത് നിന്ന് കിട്ടിയതാണ്. അവന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏതോ കവിത മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. നല്ല ഒരു കവിത്വം പൃഥ്വിരാജിലുണ്ട് എന്ന് ഞാന്‍ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു. അത് ഇപ്പോള്‍ അവന്റെ മകള്‍ക്ക് കിട്ടി.

ഒരു പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശ്രദ്ധ വേറെ ഒന്നിലേക്കും തിരിഞ്ഞ് പോകില്ല. അവള്‍ക്ക് വായിക്കാനും എഴുതാനും ഒരുപാട് ഇഷ്ടമാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ അവളെ കൊണ്ട് പോയി കഴിഞ്ഞാല്‍ എല്ലാവരെയും അവള്‍ ആഹ്ലാദിപ്പിക്കും,” എം.വി പിള്ള കൂട്ടിച്ചേര്‍ത്തു.

Content Highlight: mv pilla about prithviraj and indrajith