ഷാവേസ് പൊതുവേ പ്രകടനങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. വൈകാരികമായ പ്രതികരണങ്ങളിലും ശരീര ഭാഷയിലും നജാദിനെപ്പോലെ ഷാവേസും ഒരു തരം പ്രകമ്പനം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്. പക്ഷേ, രാജ്യങ്ങള്‍ തമ്മില്‍ അദ്ദേഹം വളര്‍ത്തിയെടുത്ത സൗഹൃദങ്ങള്‍ പ്രകടനപരതയെ മറികടന്ന് മുന്നേറുന്നു
എസ്സേയ്‌സ്/ മുസ്തഫ പി.എറയ്ക്കല്‍
വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് നാലാമൂഴവും പ്രസിഡന്റ്പദത്തിലെത്തിയെന്നത് ആ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്ന ആഹ്ലാദവും ആശ്വാസവുമാകുന്ന മഴവില്‍ കാഴ്ചയാണ് പോയ വാരത്തെ മനോഹരമാക്കുന്നത്. ജൂനിയര്‍ ബുഷിനെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗ പീഠത്തില്‍ കയറി ചെകുത്താന്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിച്ച “ആക്‌സന്‍ട്രിക്” നേതാവാണ് ഷാവേസ്. []
ലോകത്തിന്റെ അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെട്ട വന്‍കിടക്കാര്‍ മുഴുവന്‍ ഭ്രഷ്ട് കല്‍പ്പിച്ച അഹ്മദി നജാദിന്റെ ഇറാനോടും മുഅമ്മര്‍ ഗദ്ദാഫിയുടെ ലിബിയയയോടും പരസ്യമായി ബന്ധുത്വം ഉറപ്പിച്ചു. ഗദ്ദാഫിയെ താഴെയിറക്കി കൊന്നു തള്ളാന്‍ പാശ്ചാത്യ ലോകം ആയുധവും അര്‍ഥവും ഇടിച്ചു തള്ളിയപ്പോള്‍ ഏകാന്തമായ പിന്തുണയുമായി അവസാന നിമിഷം വരെ ഷാവേസ് നിലകൊണ്ടു.
റഷ്യയും ചൈനയും ഇടറിയപ്പോഴും ഗദ്ദാഫിക്കെതിരായ എല്ലാ കുറ്റാരോപണങ്ങളും ലിബിയന്‍ മണ്ണില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ക്രൂരമായ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രം അപ്രസക്തമാകുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്ന് അമേരിക്ക തീട്ടൂരമിറക്കുമ്പോഴാണ് ഇറാനിലെ വെനിസ്വേലയുടെ നിക്ഷേപം പലമടങ്ങായി വളര്‍ന്നത്.
സ്വകാര്യവത്കരണത്തിലേക്കും ആഗോളവത്കരണത്തിന്റെ “നന്‍മകളി”ലേക്കും ക്യൂബ ചുവട് മാറ്റുമ്പോള്‍ സാമ്ര്യാജ്യത്വത്തെ പ്രതിരോധിക്കേണ്ടത് അവരുടെ ഉപകരണങ്ങള്‍ കൊണ്ടല്ല, മറിച്ച് രാഷ്ട്രങ്ങളുടെ പ്രതിരോധ നിര ഉയര്‍ത്തിയാകണമെന്ന് ഷാവേസ് ഉണര്‍ത്തി. ഓരോ വര്‍ഷവും സബ്‌സിഡി നിരക്കില്‍ 300 കോടി ഡോളറിന്റെ എണ്ണ കയറ്റി അയച്ചാണ് ക്യൂബയെ അദ്ദേഹം പിന്തുണച്ചത്.
ഷാവേസ് പൊതുവേ പ്രകടനങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. വൈകാരികമായ പ്രതികരണങ്ങളിലും ശരീര ഭാഷയിലും നജാദിനെപ്പോലെ ഷാവേസും ഒരു തരം പ്രകമ്പനം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്. പക്ഷേ, രാജ്യങ്ങള്‍ തമ്മില്‍ അദ്ദേഹം വളര്‍ത്തിയെടുത്ത സൗഹൃദങ്ങള്‍ പ്രകടനപരതയെ മറികടന്ന് മുന്നേറുന്നു.
ചെഗുവേരയുടെ ഓര്‍മകളില്‍ നിന്നും കാസ്‌ട്രോയുടെ ചങ്ങാത്തത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊള്ളുന്ന ഷാവേസ് ബൊളിവേറിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു. ഒരേസമയം പാരമ്പര്യവാദിയും നവീനവാദിയുമാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു
ശരിയായ ബദല്‍ രൂപപ്പെടുത്താന്‍ തന്നെയാണ് അദ്ദേഹം ശ്രമിക്കുന്നത്. ഡോളറിന്റെ അപ്രമാദിത്വത്തെ അദ്ദേഹം വെല്ലുവിളിക്കുന്നു. സഊദി അറേബ്യയേയും പിന്തള്ളി ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാകുന്ന വെനിസ്വേല അതത് രാജ്യങ്ങളുടെ കറന്‍സിയില്‍ എണ്ണ വ്യാപാരം നടത്തുന്നു.
ക്യൂബയില്‍ നിന്ന് എണ്ണക്ക് പകരം ഡോക്ടര്‍മാരുടെ സേവനമാണ് വാങ്ങുന്നത്. നിക്കരാഗ്വേയില്‍ നിന്നും ബൊളീവിയയില്‍ നിന്നും ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങി എണ്ണ നല്‍കുന്നു. യഥാര്‍ഥ ആഗോളവത്കരണം ഇതാണ്. ഉപജീവന സാമ്പത്തിക പ്രവര്‍ത്തന കാലത്തെ കൈമാറ്റ സമ്പ്രദായത്തെ ഓര്‍മപ്പെടുത്തുന്നതാണ് ഇത്.
സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി തുറന്നു കൊടുത്താലേ വികസനം സാധ്യമാകൂ എന്ന് ശഠിക്കുന്നിടത്ത് രാജ്യത്തിന്റെ വിഭവങ്ങള്‍ പരാമാവധി ദേശസാത്കരിച്ച് അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഷാവേസ് ഭരണകൂടം ശ്രമിച്ചത്. ഇത് വെനിസ്വേലയെ കൂടുതല്‍ ആധുനികവത്കരിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും കാരണമായി.
സാങ്കേതിക ബന്ധുക്കള്‍ ചൈനയും ഇറാനുമായി ചുരുങ്ങുന്നതിന്റെ വൈരുധ്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് മൊബൈല്‍ സെറ്റുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ചൈനീസ് ഉപഗ്രഹങ്ങള്‍ മാത്രമാണ് വിവര വിനിമയ രംഗത്തെ സഹായികള്‍
തൊണ്ണൂറുകളില്‍ അന്‍പത് ശതമാനം പട്ടിണിപ്പാവങ്ങളുള്ള നാടായിരുന്നു വെനിസ്വേലയെന്ന ലാറ്റിനമേരിക്കന്‍ രാജ്യം. ഇന്ന് അവിടുത്തെ ദാരിദ്ര്യ കണക്ക് ഒറ്റയക്കത്തിലേക്ക് താഴ്ന്നത് നയപരമായ ധീരത കൊണ്ടുമാത്രമാണ്.
യൂറോപ്പിന്റെയും അമേരിക്കയുടെയും കൊള്ളരുതായ്മകള്‍ ലോകവേദികളില്‍ നിരന്തരം തുറന്ന് കാണിക്കുന്നു എന്നതല്ല യഥാര്‍ഥത്തില്‍ മേലാളന്‍മാരെ ചൊടിപ്പിക്കുന്നത്. അത്തരം തുറന്നുകാണിക്കലുകളെ അപ്രസക്തമാക്കാന്‍ അവര്‍ക്കറിയാം. മറിച്ച് ലോകത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം മുതലാളിത്തം മാത്രമായിരിക്കണമെന്ന ശാഠ്യത്തെ പ്രായോഗികമായി ചെറുക്കുന്നുവെന്നതാണ് അവര്‍ക്ക് സഹിക്കാനാകാത്തത്.
ജനാധിപത്യ സോഷ്യലിസത്തില്‍ അടിയുറച്ച സാമ്പത്തിക നയം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതിന് ജീവനുള്ള തെളിവായി ഷാവേസിന്റെ വെനിസ്വേല നിലകൊള്ളുന്നു. ഇത് ഡോളറും യൂറോയും വാഴുന്ന ഒരു ലോകക്രമം സ്വപ്‌നം കാണുന്നവരുടെ ഉറക്കം കെടുത്തുന്നു. ബദല്‍ ആത്മവിശ്വാസം പകരുന്നതിനേക്കാള്‍ വലിയ വിപ്ലവ പ്രവര്‍ത്തനം ഇല്ലല്ലോ.
ഇവിടെയാണ് വെനിസ്വേല ചൈനയില്‍ നിന്നും ക്യൂബയില്‍ നിന്നും റഷ്യയില്‍ നിന്നും വ്യത്യസ്തമാകുന്നത്. ചെഗുവേരയുടെ ഓര്‍മകളില്‍ നിന്നും കാസ്‌ട്രോയുടെ ചങ്ങാത്തത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊള്ളുന്ന ഷാവേസ് ബൊളിവേറിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു. ഒരേസമയം പാരമ്പര്യവാദിയും നവീനവാദിയുമാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
നാലാമൂഴത്തില്‍ കടുത്ത മത്സരമാണ് ഷാവേസ് അഭിമുഖീകരിച്ചത്. പ്രതിപക്ഷ കൂട്ടായ്മയുടെ നേതാവായ ഹെന്റിക് കാപ്രിലസ് വല്ലാത്ത പോരാട്ട വീര്യം പുറത്തെടുത്തു. കാപ്രിലസിനെ എങ്ങനെയും ജയിപ്പിക്കണമെന്ന് പാശ്ചാത്യ ശക്തികള്‍ തീരുമാനിച്ചുറപ്പിച്ചതോടെ മത്സരത്തിന് അന്താരാഷ്ട്ര മാനം കൈവന്നു.
കാപ്രിലസിന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ഫസ്റ്റ് പാര്‍ട്ടിക്ക് പുറത്തുനിന്ന് പണം വന്നു. അര്‍ബുദബാധിതനായ ഷാവേസിന്റെ ആരോഗ്യം പ്രചാരണവിഷയമായി. രാജ്യത്തേക്ക് നോക്കാതെ പുറത്തുപോയി പേര് നേടാന്‍ നടക്കുന്നവനാണ് ഷാവേസെന്ന പഴി കേട്ടു.
ജനാധിപത്യ സോഷ്യലിസത്തില്‍ അടിയുറച്ച സാമ്പത്തിക നയം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതിന് ജീവനുള്ള തെളിവായി ഷാവേസിന്റെ വെനിസ്വേല നിലകൊള്ളുന്നു. ഇത് ഡോളറും യൂറോയും വാഴുന്ന ഒരു ലോകക്രമം സ്വപ്‌നം കാണുന്നവരുടെ ഉറക്കം കെടുത്തുന്നു
മാരകമായ മണ്ണിന്റെ മക്കള്‍ വാദമാണ് കാപ്രിലസ് പയറ്റിയത്. രാജ്യത്തിന്റെ എണ്ണ സമ്പത്ത് തുച്ഛമായ വിലക്ക് പുറത്തേക്ക് ഒഴുക്കുകയാണ് ഷാവേസെന്ന് കുറ്റപ്പെടുത്തി. കൈയടി നേടാനായി ഷാവേസ് നടത്തുന്ന ഈ ഏര്‍പ്പാട് താന്‍ അധികാരത്തില്‍ വന്നാല്‍ അവസാനിപ്പിക്കുമെന്ന് കാപ്രിലസ് പ്രഖ്യാപിച്ചു. ഒരു തുള്ളി എണ്ണ സൗജന്യമായി പുറത്തേക്ക് പോകില്ലെന്ന് തീര്‍ത്തു പറഞ്ഞു.
2004ല്‍ രൂപവത്കൃതമായ ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ അമേരിക്കാസി (എ എല്‍ ബി എ)ന് നേതൃത്വം നല്‍കുന്ന രാജ്യമെന്ന നിലയിലാണ് ഷാവേസ് ഈ സൗജന്യങ്ങള്‍ നല്‍കുന്നതെന്നും അമേരിക്കയെ വെല്ലുവിളിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനായി ഭീമന്‍ സാമ്പത്തിക അബദ്ധമാണ് കാണിക്കുന്നതെന്നും കാപ്രിലസ് പ്രചരിപ്പിച്ചു.
താരതമ്യേന പിന്നാക്കം നില്‍ക്കുന്ന ബൊളീവിയ, നിക്കരാഗ്വേ, ഡെമിനിക്ക, ആന്റിഗ്വാ ആന്‍ഡ് ബര്‍ബുഡാ, ഇക്വഡോര്‍ എന്നിവയാണ് ക്യൂബക്കും വെനിസ്വേലക്കും പുറമേ ഈ സഖ്യത്തിലുള്ളത്. മേഖലയിലെ വന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും സഖ്യത്തിലില്ല. അപ്പോള്‍ സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ ഇത്തരമൊരു വികല സഖ്യത്തിന്റെ പേരില്‍ ദുര്‍വ്യയം ചെയ്യണോ എന്നായിരുന്നു കാപ്രിലസ് ക്യാമ്പിന്റെ ചോദ്യം.
ലോകം വല്ലാതെ മാറുമ്പോള്‍ വെനിസ്വേലയുടെ സാങ്കേതിക ബന്ധുക്കള്‍ ചൈനയും ഇറാനുമായി ചുരുങ്ങുന്നതിന്റെ വൈരുധ്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് മൊബൈല്‍ സെറ്റുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ചൈനീസ് ഉപഗ്രഹങ്ങള്‍ മാത്രമാണ് വിവര വിനിമയ രംഗത്തെ സഹായികള്‍.
ഇറാനിയന്‍ കാറുകളാണ് നിരത്തിലുള്ളത്. ലാറ്റിനമേരിക്കയില്‍ അതിവേഗം നഗരവത്കരണം നടന്നു കൊണ്ടിരിക്കുന്ന വെനിസ്വേലയില്‍ ആധുനിക സൗകര്യങ്ങളെല്ലാം അന്യമാണ്. ഈ സ്ഥിതി മാറേണ്ടതല്ലേ എന്ന് കാപ്രിലസ് ചോദിച്ചു. തീര്‍ച്ചയായും ജനത്തെ അത് സ്വാധീനിച്ചു. അങ്ങനെയാണ് ഷാവേസിന്റെ ഭൂരിപക്ഷം 25 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
മുതലാളിത്തം കാണിക്കുന്ന പച്ചിലക്ക് പിറകേ പോകുന്നതാണ് പതിവ് കാഴ്ച. എത്ര ദൃഢമായ ദേശീയതയെയും അപ്രസക്തമാക്കാനുള്ള ശേഷി അതിനുണ്ട്. മായിക സംഗീതത്തില്‍ മതിമറന്ന് സമുദ്രത്തിലേക്ക് നീങ്ങുന്നവരുടെ കൂട്ടത്തിലേക്ക് വെനിസ്വേലന്‍ ജനതയും അണിചേര്‍ന്നേക്കാം
ഈ പതനത്തിന്റെ ആഘാതം വരും നാളുകളില്‍ ഷാവേസിനെ വേട്ടയാടും. വ്യാമോഹത്തിന്റെ മണ്ണൊരുക്കല്‍ നടന്നിരിക്കുന്നു. മുതലാളിത്തം കാണിക്കുന്ന പച്ചിലക്ക് പിറകേ പോകുന്നതാണ് പതിവ് കാഴ്ച. എത്ര ദൃഢമായ ദേശീയതയെയും അപ്രസക്തമാക്കാനുള്ള ശേഷി അതിനുണ്ട്. മായിക സംഗീതത്തില്‍ മതിമറന്ന് സമുദ്രത്തിലേക്ക് നീങ്ങുന്നവരുടെ കൂട്ടത്തിലേക്ക് വെനിസ്വേലന്‍ ജനതയും അണിചേര്‍ന്നേക്കാം.
ഷാവേസിന്റെ ഉള്ളില്‍ ഒരു സ്വേച്ഛാധിപതി ഒളിഞ്ഞിരിപ്പുണ്ടെന്ന വിലയിരുത്തല്‍ ശക്തമാണ്. തൊഴില്‍പരമായി അദ്ദേഹം ഒരു സൈനികനാണ്. വെനിസ്വേലന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്നു. 1992ല്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിന്റെ നേതൃനിരയില്‍ ഷാവേസ് ഉണ്ടായിരുന്നു.
തീര്‍ച്ചയായും അതൊരു കുറുക്കുവഴിയായിരുന്നു. ജനാധിപത്യവിരുദ്ധവുമായിരുന്നു. അത്തരമൊരു അപഭ്രംശത്തിന്റെ പേരില്‍ ഇന്നത്തെ ഷാവേസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ക്രൂരമായിരിക്കാം. പക്ഷേ, ഈ ചരിത്രത്തില്‍ ഒരു വിദൂര ഭീതിക്ക് സാധ്യതയുണ്ട്.
അധികാരത്തിലെത്തിയ ശേഷം ഹിതപരിശോധനകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും പത്ത് തവണയെങ്കിലും “ജനകീയ വിചാരണ”ക്ക് വിധേയനായ ഷാവേസ് സ്വയം സ്ഫുടം ചെയ്‌തെടുത്ത് തന്നിലെ പട്ടാളക്കാരന് മുകളില്‍ സിവിലിയനെ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന ആശ്വാസം മാത്രമാണ് ഈ ഭീതിയെ അകറ്റുന്നത്.
അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. അവിടെ ഒബാമ തിരിച്ചു വരുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഒബാമയും ഷാവേസും തമ്മില്‍ വിചിത്രമായ ഒരു സൗഹൃദം രൂപപ്പെടുമെന്ന് കേള്‍ക്കുന്നു. നിരവധി അഭിപ്രായവ്യത്യാസങ്ങളുടെ നടുവിലും വെനിസ്വേലയില്‍ നിന്നുള്ള എണ്ണയുടെ നല്ല പങ്ക് അമേരിക്കയിലേക്കാണ് പോകുന്നത്.
ശൈത്യകാലത്ത് ആശ്വാസ നിരക്കില്‍ എണ്ണ നല്‍കുന്നുമുണ്ട്. ഈ വ്യാപാരം തീര്‍ച്ചയായും വെനിസ്വേലയുടെ നിയന്ത്രണത്തിലാണ്. അമേരിക്കയാണ് സമ്മര്‍ദത്തില്‍. വെനിസ്വേലയുടെ വ്യാപാര ദിശ പലയിടങ്ങളിലേക്കായി വ്യാപിച്ചു കിടക്കുന്നു. എന്നാല്‍, എണ്ണക്ക് വെനിസ്വേലയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് അമേരിക്ക. തിരിച്ച് ആശ്രിതത്വമില്ല താനും.
ഇതാണ് വെനിസ്വേലയുടെ സാമ്രാജ്യത്വ വിരുദ്ധ ആര്‍ജവത്തിന്റെ അടിസ്ഥാനം. തുരങ്ക സൗഹൃദങ്ങള്‍ക്കിടയില്‍ ഈ മേല്‍ക്കൈ ഒഴുകിപ്പോയാല്‍ അത് വെനിസ്വേലയെന്ന ബദലിന്റെ അന്ത്യമായിരിക്കും.
ലേഖകന്റെ ഇ മെയില്‍ ഐഡി: musthafaerrakkal@yahoo.co.in
കടപ്പാട്: സിറാജ് ദിനപത്രം