Daily News
ഇസ്‌ലാമിന്റെ ദുഷ്‌പേരിന് കാരണം മുസ്‌ലീങ്ങള്‍ തന്നെയാണ്: ജമിഅത്ത് ഉലമ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Mar 21, 04:44 pm
Saturday, 21st March 2015, 10:14 pm

islamബിജ്‌നൂര്‍(ഉത്തര്‍ പ്രദേശ്): സ്വന്തം സമുദായത്തിന് ദുഷ്‌പേര് സമ്പാദിച്ചതിനും ഭീകരതയുടെ മുഖമായി ഇസ്‌ലാമിനെ മാറ്റിയതിനും പൂര്‍ണ ഉത്തരവാദികള്‍ മുസ്ലീങ്ങള്‍ തന്നെയാണെന്ന് ജമിഅത്ത് ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി. സമുദായത്തില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കാനും മദനി ആഹ്വാനം ചെയ്തു.

അടുത്ത 20 വര്‍ഷത്തേക്ക് മുസ്ലീങ്ങള്‍ വിദ്യാഭ്യാസം മുഖ്യ അജണ്ടയായെടുക്കുകയും ഭക്ഷണം ഒഴിവാക്കിയിട്ടാണെങ്കിലും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നും പ്രതിജ്ഞ ചെയ്താല്‍ ഇപ്പോള്‍ മുസ്‌ലീമിനെ വെറുക്കുന്നവര്‍ അവരുടെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാവുമെന്നും ഉത്തര്‍ പ്രദേശിലെ ഒരു പരിപാടിക്കിടെ മദനി പറഞ്ഞു. ഒരു വിഭാഗം ആളുകളാണ് സമുദായത്തിന്റെ മുഖം നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നമ്മള്‍ ശരിയായ വഴിക്കല്ല പോവുന്നത്. അതിന് കാരണം ശത്രുക്കളല്ല, സമുദായത്തിനകത്തു നിന്നുള്ളവര്‍ തന്നെയാണ് സമുദായത്തിന് ഭീകരതയുടെ മുഖം നല്‍കിയത്.” സെക്രട്ടറി പറഞ്ഞു.