ലക്ഷ്മി ദേവിയെ ആരാധിക്കാത്ത മുസ്‌ലീങ്ങള്‍ കോടീശ്വരന്മാരാകുന്നില്ലേ? ദൈവങ്ങളെ വിശ്വസിക്കുന്നത് നിര്‍ത്തിയാല്‍ ബൗദ്ധികശേഷി വര്‍ധിക്കും; ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന വിവാദത്തില്‍
national news
ലക്ഷ്മി ദേവിയെ ആരാധിക്കാത്ത മുസ്‌ലീങ്ങള്‍ കോടീശ്വരന്മാരാകുന്നില്ലേ? ദൈവങ്ങളെ വിശ്വസിക്കുന്നത് നിര്‍ത്തിയാല്‍ ബൗദ്ധികശേഷി വര്‍ധിക്കും; ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 1:31 pm

പട്‌ന: ബി.ജെപി എം.എല്‍.എ ലാലന്‍ പാസ്വാന്റെ ലക്ഷ്മി ദേവിയെക്കുറിച്ചുള്ള പ്രസ്താവന വിവാദത്തില്‍. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്ത എം.എല്‍.എയുടെ വാക്കുകളാണ് വിവാദത്തിലാക്കിയിരിക്കുന്നത്.

‘ലക്ഷ്മീ ദേവിയെ ആരാധിച്ചാല്‍ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കില്‍ മുസ്‌ലീങ്ങള്‍ക്കിടയില്‍ കോടീശ്വരന്മാര്‍ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലീങ്ങള്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവര്‍ സമ്പന്നരല്ലേ? അവര്‍ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്‌ലീങ്ങള്‍ക്കിടയില്‍ പണ്ഡിതന്മാരില്ലേ? അവര്‍ ഐ.എ.എസോ ഐ.പി.എസ്സോ ആകാതിരിക്കുന്നുണ്ടോ?’ എന്നാണ് ലാലന്‍ പാസ്വാന്‍ പറഞ്ഞത്.

‘ആത്മാവ്, പരമാത്മാവ്’ എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും പാസ്വാന്‍ പറഞ്ഞു. ദീപാവലിയുടെ ഭാഗമായി നടന്ന ലക്ഷ്മി പൂജക്കിടെയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.

‘നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ദേവതയാണ്, ഇല്ലെങ്കില്‍ അത് വെറും പ്രതിമയാണ്. നമ്മള്‍ ദേവന്‍മാരിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ മാത്രം കാര്യമാണ്. ശാസ്ത്രീയമായി ചിന്തിച്ചാല്‍ നമ്മള്‍ യുക്തിപരമായ തീരുമാനത്തിലേക്കെത്തും. ദൈവങ്ങളെ വിശ്വസിക്കുന്നത് നിര്‍ത്തിയാല്‍, നിങ്ങളുടെ ബൗദ്ധികശേഷി വര്‍ധിക്കും,’ ലാലന്‍ പാസ്വാന്‍ വ്യക്തമാക്കി.

‘ബജ്റംഗബലി ദേവത ശക്തിയുള്ളതും ശക്തി നല്‍കുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്‌ലീങ്ങളോ, ക്രിസ്ത്യാനികളോ ബജ്റംഗബലിയെ ആരാധിക്കുന്നില്ല. അവര്‍ ശക്തരല്ലേ? നിങ്ങള്‍ വിശ്വസിക്കുന്നത് നിര്‍ത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും,’ പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ ഭഗല്‍പൂരിലെ ഷെര്‍മാരി ബസാറില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടക്കുകയും എം.എല്‍.എയുടെ കോലം കത്തിക്കുകയും ചെയ്തു.

നേരത്തെ, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവുമായുള്ള സംഭാഷണം ചോര്‍ത്തിയെന്നാരോപിച്ച് പാസ്വാന്‍വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Content Highlight: Muslims do not worship Goddess Lakshmi, are they not rich? BJP MLA’s Controversial Statement