national news
ബി.ജെ.പിക്ക് മുസ്‌ലിങ്ങള്‍ വെറും വോട്ട് ബാങ്കല്ല; മറ്റ് പൗരന്മാരെ പോലെ തന്നെ പരിഗണിക്കുന്നു: തെലങ്കാന എം.പി
നിസാമാബാദ്: ബി.ജെ.പി മുസ്‌ലിങ്ങളെ വോട്ട് ബാങ്കായല്ല കാണുന്നതെന്ന് ബി.ജെ.പി എം.പി ധര്‍മപുരി അരവിന്ദ്. രാജ്യത്തെ മറ്റേതൊരു പൗരന്‍മാരെയും പോലെയാണ് ബി.ജെ.പി അവരെയും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജനക്ക് കീഴില്‍ വീടുകള്‍ പണിത് വിതരണം ചെയ്യുന്നുണ്ടെന്നും തെലങ്കാനയിലെ നിസാമാബാദ് എം.പിയായ അരവിന്ദ് മുസ്‌ലിങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെ ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനക്ക് കീഴില്‍ വീടുകള്‍ വിതരണം ചെയ്യുന്നത് ഉറപ്പ് വരുത്തുന്നുണ്ട്. ചന്ദ്രശേഖര റാവുവിന്റെ അഴിമതികളെ തുടര്‍ന്ന് തെലങ്കാന നിവാസികള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്.
എത്ര ദളിത ബന്ധു ഇവിടെ വിതരണം ചെയ്തു. ഹുസുറബാദു ഉപതെരഞ്ഞെടുപ്പിലാണ് ചന്ദ്രശേഖര്‍ റാവു ദളിത ബന്ധു പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വരെ ഇതില്‍ ഒന്നും നടത്തിയിട്ടില്ല. എത്ര രൂപയാണ് അവര്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്നത്. ബി.ആര്‍.എസും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിന് മുമ്പ് മാത്രം നിങ്ങളെ ഓര്‍മിക്കും. നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ നോട്ടക്ക് വോട്ട് ചെയ്യൂ. അതാണ് ഏറ്റവും നല്ലത്,’ അദ്ദേഹം പറഞ്ഞു.
മുസ്‌ലിങ്ങളുടെ ക്ഷേമത്തിന് വേണ്ടി ബി.ജെ.പി നടപ്പാക്കിയ നിയമങ്ങളെ കുറിച്ച് സൂചിപ്പിച്ച അരവിന്ദ് മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങളിലെ പ്രതിപക്ഷത്തിന്റെ നിലപാടിനെയും പുച്ഛിച്ചു.
‘മുസ്‌ലിം സ്ത്രീകള്‍ ദുരിതം അനുഭവിക്കുമെന്നും കശ്മീര്‍ കത്തുമെന്നും അവര്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഏക സിവില്‍ കോഡിനെ മുന്‍നിര്‍ത്തി ആളുകളെ ഭയപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിക്ക് വര്‍ധിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ബുള്‍ഡോസര്‍ നടപടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം കല്ലേറുണ്ടാകുമ്പോഴാണ് ബുള്‍ഡോസര്‍ നടപടി നടത്തുന്നതെന്നായിരുന്നു അരവിന്ദന്റെ മറുപടി.
’90 ശതമാനം മുസ്‌ലിങ്ങളും തീവ്രവാദികളല്ല. ഇത്തരം കേസുകളിലെ ഏറ്റുമുട്ടലുകളുടെ കണക്കുകള്‍ കേള്‍ക്കുക. അവിടെ മുസ്‌ലിങ്ങളെക്കാള്‍ ഹിന്ദുക്കളാണ് കൂടുതല്‍,’ അദ്ദേഹം പറഞ്ഞു.
നിലവിലെ 2011ലെ സെന്‍സസ് പ്രകാരം തെലങ്കാനയിലെ ജനസംഖ്യയുടെ 12.7 ശതമാനമാണ് മുസ്‌ലിങ്ങളുടെ എണ്ണം. നിസാമാബാദ് ജില്ലയില്‍ ഈ കണക്ക് താരതമ്യേന കൂടുതലാണ്. ജില്ലയില്‍ 18.5 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിസാബാദിലെ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്.
content highlights: Muslims are not just a vote bank for BJP; treated the same as other citizens; Telangana MP