'വഹാബിന്റെ വി. മുരളീധരന്‍ സ്തുതിയോട് ലീഗ് യോജിക്കുന്നില്ല'; നടപടിയില്‍ വിശദീകരണം ചോദിക്കും
Kerala News
'വഹാബിന്റെ വി. മുരളീധരന്‍ സ്തുതിയോട് ലീഗ് യോജിക്കുന്നില്ല'; നടപടിയില്‍ വിശദീകരണം ചോദിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st December 2022, 3:49 pm

തിരുവന്തപുരം: കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും രാജ്യസഭയില്‍ പുകഴ്ത്തിയ മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും, ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്നും സാദിഖലി തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

വി. മുരളീധരന്‍ കേരളത്തിന്റെ ദല്‍ഹിയിലെ അംബാസിഡറാണ് കേരളത്തിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നുമായിരുന്നു വഹാബ് പറഞ്ഞത്.

നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്ന പദ്ധതികള്‍ നല്ലതാണെന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് വാഹാബ് പറഞ്ഞത്.

അതേസമയം, മുരളീധരന്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി മുസ്‌ലിം ലീഗ് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത് വി.മുരളീധരന്‍ ആണെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആരോപണം.

നോട്ട് നിരോധന സമയത്ത് കേരളത്തില്‍ വന്ന് പറഞ്ഞെതെല്ലാം ഇപ്പോള്‍ മറന്നു എന്നും കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് വി.മുരളീധരനാണെന്നും
സി.പി.ഐ.എം എം.പി. ബ്രിട്ടാസ് പറഞ്ഞിരുന്നു.

ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് വി.മുരളീധരനെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നത്.