കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ കലാലയങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം മതസംഘടനകളുടെ യോഗം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്‌ലിം മത സംഘടനാ നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കേരളീയ സമൂഹം കുടുംബ ഘടനക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്നവരാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കലാണ് ജനാധിപത്യം. മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.