തിരുവനന്തപുരം: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളടക്കം രംഗത്തുവന്നിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ മുസ്‌ലിം ലീഗ്.
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. ‘ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്കയുടെ ട്വീറ്റില്‍ പറയുന്നു.
ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് മുസ് ലിം ലീഗിലെ മുതിര്‍ന്ന നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വമാണ് പ്രതികരിക്കേണ്ടതെന്നും അവര്‍ അഭിപ്രായം പറയുന്നതിന് മുന്‍പേ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞത്.
അതേസമയം നാളെ രാവിലെ 10 മണിക്ക് വിഷയത്തില്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചും കോണ്‍ഗ്രസിനെ ചടങ്ങിലേക്ക് വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ചും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നത്. ദിഗ് വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും രാമക്ഷേത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് ലീഗ് എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നേരത്തെ പറഞ്ഞിരുന്നത്. കാലങ്ങളായി പിന്‍തുടരുന്ന മതനിരപേക്ഷ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞിരുന്നു. ക്ഷേത്രം നിര്‍മ്മിക്കാനായി പള്ളി പൊളിച്ച് മാറ്റുന്നതിനോടാണ് എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധി വധത്തെ പോലെയും ബാബരി മസ്ജിദ് തകര്‍ത്ത പോലെയുമുള്ള സംഭവങ്ങള്‍ വേറെ ഉണ്ടായിട്ടില്ലെന്നാണ് ടി.എന്‍ പ്രതാപന്‍ എം.പി. ഫേസ്ബുക്കില്‍ കുറിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസിന് പോകാന്‍ പറ്റിയ ഇടമല്ലെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക