എസ്.ഡി.പി.ഐയെ നിരോധിക്കണം; ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുസ്‌ലീം ലീഗ്
Kerala News
എസ്.ഡി.പി.ഐയെ നിരോധിക്കണം; ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുസ്‌ലീം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th July 2018, 10:23 am

കൊച്ചി: മഹാരാജാസ് കോളേജ് എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ തള്ളിപ്പറഞ്ഞ് മുസ്‌ലീം ലീഗ്.

ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നെന്നും മുസ്‌ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാവില്ല. അവരുമായുള്ള രാഷ്ട്രീയസഖ്യം അപകടകരമാണ്. ആവശ്യമെങ്കില്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.


പതിനൊന്നംഗ കുടുംബത്തിന്റെ ആത്മഹത്യ മോക്ഷപ്രാപ്തിക്ക് വേണ്ടി; കൊലപാതക സാധ്യത തള്ളി പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ നെട്ടൂര്‍ സ്വദേശി സെയ്ഫുദ്ദീന്റെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. എസ്.ഡി.പി.ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്.

റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തില്‍ മുഹമ്മദ് എന്ന പേരില്‍ രണ്ടുപേരുണ്ടെന്നും പൊലീസ് പറഞ്ഞു.


ജീവജാലങ്ങളും വ്യക്തികളെപ്പോലെ തന്നെ: നിയമപരമായ അവകാശങ്ങള്‍ക്ക് അര്‍ഹര്‍; ഉത്തരാഖണ്ഡ് ഹൈക്കോടതി


ബിലാല്‍, ഫറൂഖ്, റിയാസ് എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഒന്നാം പ്രതി മുഹമ്മദിനെ ഇനിയും പിടികിട്ടിയിട്ടില്ല. മൂന്ന് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന. മറ്റുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.