കാസര്‍ഗോഡ്: ഇന്നലെ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന് പിന്നാലെ ഇന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞു. ഇന്ന് രാവിലെ തായലങ്ങാടിയില്‍ വെച്ച് ലീഗ് നേതാവ് സി.ടി. അഹമ്മദ് അലിയെ ആണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ച് തിരിച്ചയച്ചത്.
കേന്ദ്ര സര്‍വകലാശാല കെട്ടിടത്തിനുളള ഭൂമി കൈമാറാനുളള ചടങ്ങില്‍ പങ്കെടുക്കാനായി കണ്ണൂര്‍ എക്‌സ്പ്രസില്‍ എത്തുന്ന ഇ. അഹമ്മദിനെ സ്വീകരിക്കാനെത്തിയതായിരുന്നു സി.ടി. അഹമ്മദ് അലി. ഇന്നലെ ഭാരവാഹി പട്ടികയില്‍ നിന്നും തഴഞ്ഞ എ. അബ്ദു റഹ്മാന്റെ നേതൃത്വത്തിലുളള സംഘമാണ് അഹമ്മദ് അലിയെ തടഞ്ഞത്. കല്ലും വടിയും ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സി.ടിയെ തിരിച്ചയച്ചത്.
ഇതിനു ശേഷം എത്തിയ ഇ. അഹമ്മദിനോട് സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നേതാക്കന്മാരെ തടഞ്ഞതു പ്രാദേശിക പ്രശ്‌നം മാത്രമാണെന്നുമായിരുന്നു പ്രതികരണം. ഇക്കാര്യത്തില്‍ തന്നോടു ചോദിച്ചിട്ടു കാര്യമില്ലെന്നും ഇ. അഹമ്മദ് പറഞ്ഞു.
അതേസമയം, ഇന്നലെ ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും കൈയ്യേറ്റം ചെയ്യുകയും തടഞ്ഞ് വെക്കുകയും ചെയ്ത പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തായലങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഹമീദ്, നൗഷാദ് തുടങ്ങിയവരെയാണ് സസ്‌പെന്റ് ചെയ്തത്.