സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥന്‍ അന്തരിച്ചു
Daily News
സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2015, 8:02 am

msv
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍(86) എം.എസ് വിശ്വനാഥന്‍ അന്തരിച്ചു. പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.

വിവിധ ഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ സംഗീതം പകര്‍ന്നിട്ടുണ്ട് എം.എസ്.വി എന്നറിയപ്പെടുന്ന എം.എസ്. വിശ്വനാഥന്‍. മലയാളത്തില്‍ നൂറോളം ഗാനങ്ങള്‍ക്ക് വിശ്വനാഥന്‍ സംഗീതം നല്‍കിയിട്ടുണ്ട്.

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി ജനിച്ച എം.എസ്.വി 1952ല്‍ ശിവാജി ഗണേശന്‍ നായകനായ “പണം” എന്ന തമിഴ് സിനിമയിലൂടെയാണ് സംഗീത സംവിധാനരംഗത്ത് എത്തിയത്.

കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, ഹിമവാഹിനീ, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി അനശ്വര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു.

ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.