Fact Check: അലിഗഢില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കണ്ണു ചൂഴ്‌ന്നെടുത്തെന്ന പ്രചരണം: വസ്തുത ഇതാണ്
Fact Check
Fact Check: അലിഗഢില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കണ്ണു ചൂഴ്‌ന്നെടുത്തെന്ന പ്രചരണം: വസ്തുത ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 12:23 pm

 

അലിഗഢ്: ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്‌ലം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സംഘപരിവാര്‍ പ്രചരണം. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്‌തെന്നും പ്രചരണമുണ്ടായിരുന്നു.

മൃതശരീരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് കൂട്ടിയിട്ട് തെരുവുനായയ്ക്ക് ഭക്ഷിക്കാന്‍ കൊടുത്തെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

‘മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. കൊല ചെയ്തത് മുഹമ്മദ് ജാഹിദ്, സംഭവം നടന്നത് അലിഗഢില്‍, മൃതദേഹം വെട്ടിനുറുക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ശരീരത്തില്‍ ആസിഡ് ഒഴിച്ചു. എല്ലാം റമസാന്‍ മാസത്തില്‍. എനിക്കു ലജ്ജ തോന്നുന്നു, നിങ്ങള്‍ക്കോ?’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഒരാള്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമുള്ള ട്വീറ്റ് 10000ത്തിലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

എന്നാല്‍ ഇതിലെ വാദങ്ങള്‍ പലതും തെറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

‘ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ശരീരം വെട്ടിനുറുക്കിയെന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങളും തെറ്റാണ്. ശരീരത്തില്‍ ആസിഡ് ഒഴിച്ചെന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇരയുടെ കുടുംബത്തിന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.’ എന്നും അലിഖഢ് എസ്.എസ്.പി പറഞ്ഞതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ വലതു കൈ വേര്‍പെട്ട നിലയിലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്തതായി കണ്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ആള്‍ട്ട്‌ന്യൂസ് വിശദീകരിക്കുന്നു. ഇക്കാര്യം ശരിവെച്ച എസ്.എസ്.പി കൈകള്‍ എങ്ങനെയാണ് വേര്‍പെട്ടതെന്ന കാര്യം വ്യക്തമല്ലെന്നും അറിയിച്ചു.