തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന സിനിമയിലും സംഗീത അഭിനയിച്ചിരുന്നു.
കിട്ടിയ കഥാപാത്രം ഏറ്റവും മികവോടെ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ താൻ അഭിനയിച്ചതെന്നും ഒരുപാടാളുകൾ അഭിനന്ദിച്ച ആ കഥാപാത്രത്തിന് പിന്നീട് സംസ്ഥാന അവാർഡ് ലഭിച്ചെന്നും സംഗീത പറയുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കാമെന്ന് കരുതിയിരുന്നുവെന്നും നഗരവാരിധിയിൽ നടുവിൽ ഞാൻ എന്ന സിനിമയുടെ ആവശ്യത്തിനായി ശ്രീനിവാസൻ വീണ്ടും വിളിക്കുമ്പോൾ നോ പറയാനാണ് താൻ കരുതിയതെന്നും സംഗീത പറയുന്നു. എന്നാൽ ശ്രീനിവാസന്റെ ചോദ്യം കേട്ടപ്പോൾ നോ പറയാൻ കഴിഞ്ഞില്ലെന്നും സംഗീത കൂട്ടിച്ചേർത്തു.
‘കിട്ടിയ കഥാപാത്രം ഏറ്റവും മികച്ചതാക്കുക എന്നത് മാത്രമായിരുന്നു ചിന്ത. തിലകനങ്കിൾ. ഇന്നസെൻ്റങ്കിൾ, നെടുമുടിവേണു അങ്കിൾ, മാമുക്കോയ, സിദ്ദിഖ് അങ്ങനെ മികച്ച ഒരുപാട് അഭിനേതാക്കളുണ്ടായിരുന്നു ചിന്താവിഷ്ടയായ ശ്യാമളയിൽ.
ശ്രീനിസാർ കഴിഞ്ഞാൽ തിലകനങ്കിളിൻ്റെ കൂടെയായിരുന്നു എൻ്റെ കൂടുതൽ സീനുകൾ. അദ്ദേഹം വളരെ പരുക്കനാണെന്ന് എന്നോട് പലരും അതിനു മുമ്പ് പറഞ്ഞിരുന്നു. എന്നാൽ മറിച്ചായിരുന്നു അനുഭവം. ഞാൻ ചെന്നൈയിലെ തിയേറ്ററിൽവെച്ചാണ് ചിന്താവിഷ്ടയായ ശ്യാമള കണ്ടത്. കണ്ടപ്പോൾ വലിയ സന്തോഷമായി. വിചാരിച്ചതിനെക്കാൾ പതിന്മടങ്ങ് മികച്ച ഔട്ട്പുട്ടാണ് സ്ക്രീനിൽ കണ്ടത്. ഒരുപാടുപേർ അഭിനന്ദിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
വിവാഹശേഷവും സിനിമയിലേക്ക് ഓഫറുകൾ വന്നിട്ടുണ്ട്. അതിനോടെല്ലാം നോ പറയുകയായിരുന്നു. അതിനിടെ ഒരുദിവസം ശ്രീനിസാർ ‘നഗരവാരിധിയിൽ നടുവിൽ ഞാൻ’ എന്ന സിനിമയ്ക്കുവേണ്ടി വിളിച്ചു. ശ്രീനി സാർ വിളിച്ചാൽ നോ പറയാൻ തയ്യാറായി ഞാൻ ഇരുന്നു.
കോൾ വന്ന് ഹലോ പറഞ്ഞ ഉടൻ ശ്രീനി സാർ ഇങ്ങനെ ചോദിച്ചു, സംഗീതയ്ക്ക് മഹാത്മാഗാന്ധിയെ അറിയാമോ? ‘യെസ് സാർ. എനിക്കറിയാം. ‘അദ്ദേഹം ജീവിതത്തിൽ മറ്റുള്ളവർക്കുവേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്‌തിട്ടുണ്ട്. അത്രയൊന്നും ത്യാഗം സംഗീത എനിക്കുവേണ്ടി ചെയ്യേണ്ട. ഈ ഒരു പടം ചെയ്‌താൽ മാത്രം മതി’, ശ്രീനി സാർ പറഞ്ഞു. ‘നോ’ പറയാൻ റെഡിയായി നിന്ന ഞാൻ അതോടെ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ‘ നഗരവാരിധിയിൽ നടുവിൽ ഞാൻ’ എന്ന സിനിമയിൽ അഭിനയിച്ചത്,’സംഗീത പറയുന്നു.
Content Highlight: Sangeetha About Sreenivasan And Nagaravadhi Than Naduvil Njan Movie