കെയ്‌റോ: അസദ് ഭരണകൂടത്തിനെ അട്ടിമറിച്ച് വിമതസംഘം സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ അടുത്തതായി ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ ലക്ഷ്യമിട്ട് വിമത സംഘം.
2013ല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ യുദ്ധം ചെയ്ത വിമത സംഘവുമായി ബന്ധമുള്ള അഹമ്മദ് അല്‍ മന്‍സൂര്‍ എന്ന വിമത നേതാവാണ് സീസിയെ അട്ടിമറിച്ച് അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയിലെ വിമതസംഘമായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം ഡമസ്‌കസ് പിടിച്ചെടുക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അടുത്ത ലക്ഷ്യം സീസി ആണെന്ന് മറ്റൊരു വിമത നേതാവായ അഹമ്മദ് അല്‍ മന്‍സൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന അഹമ്മദ് അല്‍ മന്‍സൂര്‍ സിറിയ വിമതര്‍ പിടിച്ചതോടെ തന്റെ ജന്മനാടായ ഈജിപ്തിലും സമാനമായ അട്ടിമറി നടത്താന്‍ ശ്രമം നടത്തുകയാണ്.
‘സീസി നമ്മളെ നയിക്കുന്ന ഭീകരാവസ്ഥയ്ക്ക് വിരാമമിട്ട് വിപ്ലവം തുടങ്ങാന്‍ ഞങ്ങളുടെ മുന്‍കൈ ജനങ്ങള്‍ക്ക് ആവശ്യമാണ്,’ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ മന്‍സൂര്‍ പറഞ്ഞു.
2013ല്‍ ഈജിപ്തിലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുന്‍ സൈനിക മേധാവിയായ സീസി അധികാരം പിടിച്ചത്. എന്നാല്‍ അയല്‍രാജ്യമായ ഗസയില്‍ തുടരുന്ന കൂട്ടക്കുരുതി തടയാന്‍ മതിയായ ഇടപെടലുകള്‍ നടത്താത്തതിന്റെ പേരിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ചയിലും അദ്ദേഹത്തിനെതിരെ ജനരോഷം വര്‍ധിച്ചുവരികയാണ്.
109 ദശലക്ഷത്തിലധികം ജനസംഖ്യുള്ള ഈജിപ്ത്, സീസി അധികാരം പിടിച്ചെടുത്തതിനുശേഷം റെക്കോഡ് പണപ്പെരുപ്പവും വിദേശ കറന്‍സി ക്ഷാമവും നേരിടുകയാണ്, 2023 ഡിസംബറോടെ ഈജിപ്തിന്റെ വിദേശ കടം 164 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. കൂടാതെ സിറിയന്‍ പ്രസിഡന്റ് അസദുമായി പലപ്പോഴും സീസി താരതമ്യം ചെയ്യപ്പെട്ടിരുന്നു.
തന്റെ കൈകളില്‍ ഈജിപ്തുകാരുടെ രക്തം പുരണ്ടിട്ടില്ലെന്നും താന്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചിട്ടില്ലെന്നും അദ്ദേഹം പല പ്രസംഗങ്ങളിലും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് മുര്‍സി അനുകൂല പ്രക്ഷോഭകരെ വെടിവെപ്പിലൂടെ സീസിയുടെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
രാഷ്ട്രീയക്കാര്‍, പ്രതിഷേധക്കാര്‍, പത്രപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 65,000ത്തോളം രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ സീസിയെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച് മന്‍സൂറിന്റെ പിതാവും അമ്മാവനും ഉള്‍പ്പെടെ നിരവധി അടുത്ത കുടുംബാംഗങ്ങളെയും സീസിയുടെ സേന അറസ്റ്റ് ചെയ്തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മന്‍സൂര്‍ തന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍ ആരംഭിച്ചതുമുതല്‍ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഭരണകൂടവും ആശങ്കപ്പെടുകയും ആഭ്യന്തരമന്ത്രി അടുത്തിടെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ഒരു യോഗം നടത്തുകയും രാജ്യത്തിന്റെ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Ahmed al-Mansour: The Egyptian fighter in Syria says After Assad, there is an attempt to overthrow Egypt president Abdel Fattah al-Sisi