മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ മിമിക്രി താരമാണ് കോട്ടയം നസീർ. അനുകരണ കലയോടൊപ്പം സിനിമയിലും താരത്തിന് തിളങ്ങാൻ സാധിച്ചു.
ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നസീർ ഇന്ന് സീരിയസ് വേഷങ്ങളുടെയും ഭാഗമാണ്. റോഷാക്ക് എന്ന ചിത്രത്തിലെ കഥാപാത്രമെല്ലാം ആ രീതിയിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഇറങ്ങിയ വാഴ എന്ന സിനിമയിലും അദ്ദേഹം മികച്ച വേഷം അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിൽ വലിയ വിജയമായി മാറിയ യന്തിരൻ എന്ന രജിനികാന്ത് ചിത്രത്തിൽ കൊച്ചിൻ ഹനീഫയ്ക്ക് ഡബ്ബ് ചെയ്തത് താനാണെന്ന് പറയുകയാണ് നസീർ. എന്നാൽ ആദ്യം തന്റെ ഡബ്ബിങ് അവർക്ക് ഓക്കെയായില്ലെന്നും അത് തന്നെ ഡൗണാക്കിയെന്നും കോട്ടയം നസീർ പറയുന്നു. എന്നാൽ പിന്നീടവർ തന്റെ ശബ്‌ദം പെർഫെക്റ്റ് ആണെന്ന് പറഞ്ഞെന്നും കോട്ടയം നസീർ പറയുന്നു. യന്തിരന് പുറമെ മദ്രാസിപട്ടണം എന്ന സിനിമയിലും താൻ കൊച്ചിൻ ഹനീഫയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് കോട്ടയം നസീർ കൂട്ടിച്ചേർത്തു.
‘കലാഭവൻ മണി മുഖേനയാണ് യന്തിരനിൽ ഡബ് ചെയ്യാൻ അവസരം കിട്ടിയത്. അങ്ങനെ ഞങ്ങൾ രണ്ടുപേരും ചെന്നൈയിലെത്തി. ഹനീഫിക്ക അഭിനയിച്ച സീൻ ഡബ്ബ് ചെയ്യാൻ തുടങ്ങിയപ്പോൾ ‘ഇത് ഹനീഫിക്കയുടെ ശബ്ദമല്ല’ എന്ന പ്രതികരണമാണ് സൗണ്ട് എൻജിനീയർ ആദ്യം പറഞ്ഞത്. അതുകേട്ട് ഞാൻ ആകെ ഡൗൺ ആയി. കുറേ ടേക്കുകൾക്ക് ശേഷം ഡബ്ബിങ് പൂർത്തിയാക്കി.
ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എൻജിനീയർ അടുത്തുവന്ന് പറഞ്ഞു, സോറി സാർ ആദ്യ ടേക്കിൽ തന്നെ ശബ്ദം ഒക്കെയായിരുന്നു. പിന്നെ ഓരോ ടേക്കിലും പെർഫെക്ഷൻ കൂടി വന്നു. ആ പെർഫെക്ഷൻ കിട്ടാൻ വേണ്ടിയാണ് ശരിയായില്ലെന്ന് പറഞ്ഞത്. സന്തോഷം തോന്നി
അതിനുശേഷം ‘മദ്രാസിപ്പട്ടണം’ എന്ന സിനിമയിലും ഹനീഫിക്കയ്ക്കു വേണ്ടി ശബ്ദം നൽകി. 27 സീനുകൾ ഉള്ള സിനിമ രാവിലെ ഏഴ് മണിക്ക് തുടങ്ങി ഉച്ചയ്ക്ക് മൂന്നു മണി ആകുമ്പോഴേക്കും ഡബ്ബ് ചെയ്‌തുതീർത്തു. സത്യത്തിൽ ഒരു പരകായപ്രവേശം തന്നെയായിരുന്നു അത്. ഹനീഫിക്ക എൻ്റെ ഉള്ളിൽ വന്ന് നിറയുന്നതുപോലെ,’കോട്ടയം നസീർ പറയുന്നു.
Content Highlight: Kottayam Naseer About His Dubbing In Enthiran Movie