പൃഥ്വിരാജ് സംവിധായകനായി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ചിത്രം 2019ലാണ് റിലീസ് ചെയ്തത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അധോലോകവും മയക്കുമരുന്ന് മാഫിയയുമെല്ലാം ചര്‍ച്ചാവിഷയങ്ങളായിരുന്നു.
ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നും പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ആരോഗ്യമിത്രം മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ലൂസിഫറിനെ പറ്റി പറഞ്ഞത്.
‘അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫറെന്ന് സിനിമ. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപ്പിക്ക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ് ലൂസിഫര്‍,’ മുരളി ഗോപി പറഞ്ഞു.
‘ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ ഞാന്‍ തന്നെയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 200 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു.
മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയി, സാനിയ ഇയ്യപ്പന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ടൊവിനോ തോമസ്, ബൈജു എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ അഭിനയിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പൂരാന്റെ പണിപ്പുരയിലാണ് മുരളി ഗോപി. പൃഥ്വിരാജും ഇനദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി നായകനാകുന്ന മറ്റൊരു ചിത്രവും മുരളി ഗോപിയുടെ രചനയിലൊരുങ്ങുന്നുണ്ട്.