ഒരുപാട് പേര്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടെന്ന് വെച്ചു; അതിന് കാരണമുണ്ട്: മുരളി ഗോപി
Entertainment news
ഒരുപാട് പേര്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടെന്ന് വെച്ചു; അതിന് കാരണമുണ്ട്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th September 2022, 12:42 pm

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് മുരളി ഗോപി. മലയാളത്തിന്റെ പ്രിയ നടന്‍ ഭരത് ഗോപിയുടെ മകന്‍ കൂടിയായ മുരളി ഗോപി സിനിമയിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്.

താന്‍ കഥകളും നൊവെല്ലകളും മറ്റും എഴുതിയിരുന്നത് അച്ഛന് വളരെ ഇഷ്ടമായിരുന്നെന്നും അച്ഛനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ എഴുതിയിരുന്നതെന്നും പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ മുരളി ഗോപിയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”അച്ഛനെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യത്തെ കഥയെഴുതിയത്, ആയുര്‍രേഖ.

ഞാന്‍ സിനിമ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്. സിനിമയില്‍ ഞാന്‍ എത്തും എന്ന് യാതൊരു തരത്തിലും ആഗ്രഹിക്കാതെയുള്ള, വിചാരിക്കാതെയുള്ള ഒരു ഇഷ്ടമായിരുന്നു അത്.

പക്ഷെ അത് ഒരു പാഷനായി നമ്മുടെ ഉള്ളില്‍ ജ്വലിക്കുമ്പോള്‍ നാചുറലി നമ്മള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും എന്ന തത്വം ശരിയാണെങ്കില്‍ അതിന്റെ വലിയൊരു ഉദാഹരണമാണ് ഞാന്‍. രണ്ടാം വരവും വളരെ ആകസ്മികമായി സംഭവിച്ചതാണ്.

ഭരത് ഗോപിയുടെ മകനെന്ന നിലയില്‍ കൂടി അഭിനയിക്കാന്‍ വേണ്ടി ഒരുപാട് പേര്‍ വിളിച്ചിട്ടുണ്ട്. പക്ഷെ പലതും വേണ്ടെന്ന് വെച്ചതായിരുന്നു. പണ്ട് ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്ന സമയത്ത് വീട്ടില്‍ കറന്റ് പോകുമ്പോള്‍ എല്ലാവരും കൂടിയിരിക്കും. ആ സമയത്ത് അച്ഛന്‍ ചില പഴയ നടന്മാരുടെയൊക്കെ ഡയലോഗ്‌സ് എന്നെക്കൊണ്ട് പറയിപ്പിക്കും.

നീയൊന്ന് പറ, എന്ന് പറയും. അന്ന് ചില ഡയലോഗ്‌സ് കാണാതെ അറിയാം. അത് പറയുമ്പോള്‍ അച്ഛന്‍ പറയും, നിനക്ക് അഭിനയിക്കാന്‍ പറ്റും എന്ന്. അല്ലാതെ നീ അഭിനയിക്കണം, സിനിമയില്‍ വരണം, എന്ന് ഒരിക്കലും പറയുമായിരുന്നില്ല. വളരെ ഫ്രീയായാണ് വളര്‍ത്തിയത്.

എനിക്ക് പണ്ട് വലിയ കട്ടി കണ്ണടയുണ്ടായിരുന്നു, 2002ല്‍ ലാസിക് സര്‍ജറി ചെയ്യുന്നത് വരെ. അതുകൊണ്ട് എനിക്ക് അഭിനയിക്കാന്‍ പറ്റും എന്ന് അന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഗ്ലാസ് വെച്ച് അഭിനയിക്കാന്‍ സാധിക്കില്ലായിരുന്നു, ഗ്ലെയര്‍ അടിക്കും.

പിന്നീട് ടെക്‌നോളജി വളര്‍ന്നു, ലാസിക് സര്‍ജറി ചെയ്തു, ഗ്ലാസ് ഒഴിവാക്കി. ഇതെല്ലാം ചേര്‍ന്ന് വന്നതുകൊണ്ടാണ് സിനിമാഭിനയം നടന്നത്,” മുരളി ഗോപി പറഞ്ഞു.

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് നടനായും തിരക്കഥാകൃത്തായും മുരളി ഗോപി അരങ്ങേറ്റം കുറിച്ചത്. രസികനില്‍ വില്ലന്‍ വേഷത്തിലായിരുന്നു മുരളി ഗോപി എത്തിയത്.

പിന്നീട് അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലൂടെ നടനായി തിരിച്ചുവരികയും സിനിമയില്‍ സജീവമാകുകയുമായിരുന്നു.

അതേസമയം, മുരളി ഗോപി തിരക്കഥാകൃത്തായെത്തിയ ‘തീര്‍പ്പ്’ തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു മുരളി ഗോപി ചിത്രം.

Content Highlight: Murali Gopy says he rejected many offers of acting until he did lasik surgery