എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോ കോണ്‍സപ്റ്റാണ് അത്: മുരളി ഗോപി
Entertainment
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോ കോണ്‍സപ്റ്റാണ് അത്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 9:29 am

നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് മുരളി ഗോപി. ലാല്‍ ജോസ് ചിത്രം രസികന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മുരളി ഗോപി സിനിമാമേഖലയിലേക്ക് കടന്നുവന്നത്. 20 വര്‍ഷത്തെ കരിയറില്‍ ഏഴോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയ മുരളി ഗോപി 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സൂപ്പര്‍ഹീറോ സിനിമകളും അത്തരം കോണ്‍സെപ്റ്റും തനിക്ക് എല്ലാ കാലത്തും പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് മുരളി ഗോപി. മലയാളത്തില്‍ നിന്ന് അത്തരം സിനിമകള്‍ കൂടുതലായി വരണമെന്നും മുരളി ഗോപി പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സൂപ്പര്‍ഹീറോയാണ് ബാറ്റ്മാനെന്നും താരം പറഞ്ഞു. ഓരോ എഴുത്തുകാരനും വെവ്വേറെ രീതിയില്‍ സമീപിക്കാന്‍ കഴിയുന്ന ഒരേയൊരു സൂപ്പര്‍ഹീറോ ബാറ്റ്മാന്‍ മാത്രമാണെന്നും മുരളി ഗോപി പറഞ്ഞു.

അത്രമാത്രം ഡെപ്തുള്ള ഒരു സൂപ്പര്‍ഹീറോയാണ് ബാറ്റ്മാനെന്നും ഭാവിയില്‍ താന്‍ അതുപോലൊരു സൂപ്പര്‍ഹീറോ ചിത്രം ചെയ്യുമോ എന്ന് അറിയില്ലെന്നും മുരളി ഗോപി പറഞ്ഞു. നാളെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് അറിയാത്ത അവസ്ഥയില്‍ ഇത്തരം സിനിമകള്‍ ചെയ്യുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

‘സൂപ്പര്‍ഹീറോ സിനിമകള്‍ എനിക്ക് ഇഷ്ടമുള്ള ഴോണറുകളില്‍ ഒന്നാണ്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് അത്തരം സിനിമകള്‍ കൂടുതലായി ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്ന് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രി അതിനനുസരിച്ച് വളരേണ്ടതുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍. ഓരോ എഴുത്തുകാരനും ആ കഥാപാത്രത്തെ അപ്പ്രോച്ച് ചെയ്യുമ്പോള്‍ വ്യത്യസ്ത സിനമകളാകും ലഭിക്കുക.

അത്രമാത്രം ഡെപ്തുള്ള ഒരു സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍. ഒരുപാട് ലെയറുകള്‍ ഉള്ള ക്യാരക്ടര്‍ ആര്‍ക് ആണ് ബാറ്റ്മാന് ഉള്ളത്. മറ്റൊരു സൂപ്പര്‍ഹീറോക്കും ഇക്കാര്യം അവകാശപ്പെടാന്‍ പറ്റില്ല. ഞാന്‍ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യുമോ എന്നുള്ളത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. നാളെ എന്താകും നമ്മുടെ അവസ്ഥയെന്ന് അറിയാത്തപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopy saying that Batman is his favorite superhero