മുരളി ഗോപിയുടെ തിരക്കഥയില്‍ 2019ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഈ സിനിമയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്.
മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ലൂസിഫറില്‍ ഒന്നിച്ചത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ലൂസിഫര്‍.
ഇപ്പോള്‍ പൃഥ്വിരാജിനെ കുറിച്ചും തങ്ങള്‍ ലൂസിഫറിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് മുരളി ഗോപി. ക്രിയേറ്റീവ് സ്‌പേയ്‌സില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ പറയുന്ന ഐഡിയ പെട്ടെന്ന് കണക്ട് ചെയ്യുന്ന ആള്‍ കൂടെ വേണമെന്നൈണ് മുരളി പറയുന്നത്.
അങ്ങനെയൊരു ആളുണ്ടെങ്കില്‍ അയാളുമായി നമുക്ക് ഒരു നല്ല റാപ്പോ ഉണ്ടാകുമെന്നും അങ്ങനെയൊന്ന് തനിക്ക് പൃഥ്വിരാജുമായിട്ട് ഉണ്ടെന്നും മുരളി ഗോപി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ ക്രിയേറ്റീവ് സ്‌പേയ്‌സില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ഐഡിയ പറയുന്ന സമയത്ത് അത് പെട്ടെന്ന് കണക്ട് ചെയ്യുന്ന ആള്‍ വേണം. അങ്ങനെയൊരു ആളുണ്ടെങ്കില്‍ അയാളുമായി നമുക്ക് ഒരു നല്ല റാപ്പോ ഉണ്ടാകും.
അങ്ങനെയൊന്ന് എനിക്ക് രാജുവുമായിട്ടുണ്ട്. ടിയാന്‍ സിനിമയുടെ സമയത്തായിരുന്നു ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു കണക്ഷന്‍ ഉണ്ടാകുന്നത്. അതിന് മുമ്പ് രാജു എന്നോട് ‘ഒരു സ്‌ക്രീന്‍ പ്ലേ ഡയറക്ട് ചെയ്യാന്‍ താത്പര്യമുണ്ടോ’യെന്ന് ചോദിച്ചിരുന്നു.
അങ്ങനെ ടിയാന്‍ സിനിമയുടെ സമയത്തെ പരസ്പരമുള്ള സംസാരമാണ് ഞങ്ങളെ ഒരുമിച്ച് ഒരു സിനിമയിലേക്ക് നയിക്കുന്നത്. അന്ന് സിനിമയുടെ ബ്രേക്ക് സമയത്തും മറ്റും ഞങ്ങള്‍ തമ്മില്‍ ഡിസ്‌ക്കഷന്‍സൊക്കെ ഉണ്ടാകുമായിരുന്നു.
ആ ഡിസ്‌ക്കഷന്‍സിലൂടെ അവസാനം ലൂസിഫര്‍ പോലെയൊന്ന് ഉണ്ടായി. ഇങ്ങനെയൊരു സബ്‌ജെക്ട് എന്റെ കയ്യിലുണ്ട്. അത് ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ തരാമെന്ന് പറയുകയായിരുന്നു,’ മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopi Talks About Prithviraj Sukumaran