മുരളീധരന്‍ - സുരേന്ദ്രന്‍ ഗ്രൂപ്പ് ബി.ജെ.പിയെ കുടുംബസ്വത്താക്കി മാറ്റി; കേന്ദ്രത്തിനോട് എതിര്‍പ്പറിയിച്ച് കൃഷ്ണദാസ് -ശോഭാ സുരേന്ദ്രന്‍ പക്ഷം
Kerala News
മുരളീധരന്‍ - സുരേന്ദ്രന്‍ ഗ്രൂപ്പ് ബി.ജെ.പിയെ കുടുംബസ്വത്താക്കി മാറ്റി; കേന്ദ്രത്തിനോട് എതിര്‍പ്പറിയിച്ച് കൃഷ്ണദാസ് -ശോഭാ സുരേന്ദ്രന്‍ പക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th June 2021, 8:43 pm

കൊച്ചി: കുഴല്‍പ്പണ വിവാദത്തിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി കൃഷ്ണദാസ് – ശോഭാ സുരേന്ദ്രന്‍ പക്ഷം.

സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെട്ട മുരളീധര പക്ഷം പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

കൈരളി ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഴല്‍പ്പണ വിവാദത്തില്‍ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നും കൃഷ്ണദാസ് – ശോഭാ സുരേന്ദ്രന്‍ പക്ഷം കേന്ദ്രത്തിനെ അറിയിച്ചു.

അതേസമയം കേരളത്തില്‍ ബി.ജെ.പി.യ്ക്കെതിരെ ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദല്‍ഹിയിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കൊടകര കുഴല്‍പ്പണ കേസ് എന്നിവ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതാക്കള്‍ സുരേന്ദ്രനെ വിളിപ്പിച്ചത്. ഈ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

അതിനിടെ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്ക് പണം നല്‍കി സ്വാധീനിച്ച കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Muraleedharan-Surendran group turns BJP into family property; Krishnadas-Sobha Surendran inform centrel