സമീര്‍ വാങ്കഡെയെ 'പിടിക്കാന്‍' മുംബൈ പൊലീസിന്റെ നാല്‍വര്‍ സംഘം
national news
സമീര്‍ വാങ്കഡെയെ 'പിടിക്കാന്‍' മുംബൈ പൊലീസിന്റെ നാല്‍വര്‍ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th October 2021, 11:26 am

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചു.

അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു.

ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.


കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാങ്കഡയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ് എന്‍.സി.ബി.യുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mumbai Police orders probe into extortion allegations against Sameer Wankhede