തുടക്കം തന്നെ പാളി; 12ാം തവണയും നാണക്കേടില്‍ തലതാഴ്ത്തി മുംബൈ
Sports News
തുടക്കം തന്നെ പാളി; 12ാം തവണയും നാണക്കേടില്‍ തലതാഴ്ത്തി മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th March 2024, 8:22 am

ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങി ഇരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇതോടെ ടീമിന് മറ്റൊരു നാണക്കേട് കൂടിയാണ് തലയില്‍ ചുമക്കേണ്ടി വന്നത്. 2013 മുതല്‍ ഐ.പി.എല്‍ സീസണിലെ തങ്ങളുടെ ഓപ്പണിങ് മത്സരത്തില്‍ വഴങ്ങുന്ന 12ാമത്തെ തോല്‍വിയാണ് മുംബൈ സ്വന്തമാക്കിയത്.

ഏറെ ചര്‍ച്ചയായിട്ടും ഐ.പി.എല്ലിലെ ആദ്യ മത്സരം വിജയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈയ്ക്ക് സാധിച്ചില്ല.

മത്സരത്തില്‍ ജി.ടിക്ക് വേണ്ടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 19 റണ്‍സ് നേടിയപ്പോള്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 22 പന്തില്‍ 31 റണ്‍സും നേടി. ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഇമ്പാക്ട് പ്ലെയര്‍ സായി സുദര്‍ശനായിരുന്നു. 39 പന്തില്‍ നിന്ന് ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 45 റണ്‍സ് ആണ് താരം നേടിയത്. രാഹുല്‍ തിവാത്തിയ 15 പന്തില്‍ നിന്ന് 22 റണ്‍സും നേടി അവസാനഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 3.50 എക്കണോമിയില്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഗര്‍ലാന്‍ഡ് കോട്‌സി രണ്ടു വിക്കറ്റുകളും നേടി.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പൂജ്യത്തില്‍ മടങ്ങിയതോടെ മോശം തുടക്കമാണ് ഉണ്ടായത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 43 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത്തിന് പുറമേ ഡിവാള്‍ഡ് ബ്രെവിസ് 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. തിലക് വര്‍മ്മ 11 റണ്‍സിന് മടങ്ങിയതോടെ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ റോളില്‍ ടീമിനെ വിജയിപ്പിക്കുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു.

ശേഷം ഇറങ്ങിയ കോട്‌സിക്കും ഷാംസ് മൂലാനിക്കും പിയൂഷ് ചൗളക്കും ബുംറക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഗുജറാത്തിനു വേണ്ടി അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ താരം അഹ്‌മത്തുള്ള ഒമര്‍സായി, ഉമേഷ്, യാധവ് സ്‌പെന്‍സര്‍ ജോണ്‍സണ്‍ മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി ടീമിന് വിജയത്തില്‍ എത്തിച്ചു.

 

Content highlight: Mumbai Indians Lose Fist Match Of Their Start