IPL
നാല് തവണ ദല്‍ഹി, രണ്ട് തവണ ആര്‍.സി.ബി, ഒറ്റത്തവണ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഒന്നുപോലുമില്ലാതെ ചെന്നൈ; കണക്കുകളിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 18, 05:38 pm
Wednesday, 18th May 2022, 11:08 pm

ഐ.പി.എല്‍ 2022ന്റെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി മുംബൈ ഇന്ത്യന്‍സ് സീസണിനോട് വിട പറയാനൊരുങ്ങുകയാണ്. 13 മത്സരത്തില്‍ നിന്നും 3 ജയം മാത്രം സ്വന്തമാക്കിയാണ് ടീം പോയിന്റ് ടേബിളിലെ അവസാനക്കാരായത്.

സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും, ജയിച്ചാലും പോയിന്റ് പട്ടികയിലെ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനത്തിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈ പോയിന്റ് പട്ടികയിലെ അവസാനക്കാരായി സീസണ്‍ അവസാനിപ്പിക്കുന്നത്. ഇക്കാരണം കൊണ്ടുകൂടിയാവും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിന്റെ 15ാം സീസണ്‍ മറക്കാന്‍ ശ്രമിക്കുക.

 

ആദ്യമായാണ് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാവുന്നതെങ്കില്‍, അവസാനസ്ഥാനത്തിരുന്ന് തഴക്കവും പഴക്കവും സംഭവിച്ച ഒരുപാട് ടീമുകളുണ്ട്. ദല്‍ഹിയാണ് ഇക്കൂട്ടത്തിലെ ‘ഒന്നാമന്‍’

 

നാല് തവണയാണ് ദല്‍ഹി അവസാന സ്ഥാനത്തിരുന്നുകൊണ്ട് സീസണ്‍ അവസാനിപ്പിച്ചത്. മൂന്ന് തവണ അവസാനത്തിരുന്നുകൊണ്ട് പഞ്ചാബ് കിംഗ്‌സാണ് എണ്ണത്തിലെ രണ്ടാമന്‍. എന്നാല്‍ ഇരു ഫ്രാഞ്ചൈസികളും പേര് മാറ്റിയതില്‍ പിന്നെ അവസാനസ്ഥാനത്തേക്ക് വീണിട്ടില്ല.

ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു രണ്ട് തവണയാണ് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തത്. 2017ലും 2019ലുമായിരുന്നു ആര്‍.സി.ബി അവസാനമെത്തിയത്. 2016ല്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു 2017ല്‍ ആര്‍.സി.ബി അവസാനത്തേക്ക് വീണത്.

എന്നാല്‍, ഇക്കാര്യത്തില്‍ പക്കാ മാസ് കാണിച്ചത് ഡെക്കാന്‍ ചാര്‍ജേഴ്‌സാണ്. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ അവസാന സ്ഥാനക്കാരയതിന് പിന്നാലെ തൊട്ടടുത്ത സീസണില്‍ ചാമ്പ്യന്‍മാരായിട്ടായിരുന്നു ഡെക്കാന്‍ കരുത്ത് കാട്ടിയത്.

ഐ.പി.എല്‍ ചാമ്പ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സും ഓരോ തവണ അവസാനക്കാരായിട്ടുണ്ട്.

ഐ.പി.എല്‍ സീസണും അവസാന സ്ഥാനക്കാരും.

2008 – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

2009 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2010 – കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

2011 – ദല്‍ഹി ഡെയര്‍ ഡെവിള്‍സ്

2012 – പൂനെ വാറിയേഴ്‌സ് ഇന്ത്യ

2013 – ദല്‍ഹി ഡെയര്‍ ഡെവിള്‍സ്

2014 – ദല്‍ഹി ഡെയര്‍ ഡെവിള്‍സ്

2015 – കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

2016 – കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

2017 റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

2018 – ദല്‍ഹി ഡെയര്‍ ഡെവിള്‍സ്

2019 – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

2020 – രാജസ്ഥാന്‍ റോയല്‍സ്

2021 സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2022 – മുംബൈ ഇന്ത്യന്‍സ്

 

Content Highlight: Mumbai Indians finish last in IPL 2022 points table