നീയൊക്കെ ഞങ്ങളെ ഓസിയല്ലേടോ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കയറിക്കൂടിയത്; ബെംഗളൂരു ആരാധകരുടെ വായടപ്പിച്ച് മുംബൈ ആരാധകര്‍
IPL
നീയൊക്കെ ഞങ്ങളെ ഓസിയല്ലേടോ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കയറിക്കൂടിയത്; ബെംഗളൂരു ആരാധകരുടെ വായടപ്പിച്ച് മുംബൈ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st March 2023, 5:07 pm

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പങ്കെടുക്കാതിരുന്നത് വലിയ വാര്‍ത്തായയിരുന്നു. അസുഖം മൂലം താരത്തിന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതിനാലാണ് താരം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ രോഹിത് ശര്‍മ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ എത്താത്തതിന് പിന്നാലെ നിരവധി ട്രോളുകളും ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയെ ട്രോളാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് വിരാടിന്റെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും ആരാധകരായിരുന്നു.

 

 

മോശം ഫോമില്‍ തുടരുന്ന രോഹിത് ശര്‍മക്ക് പേടിയാണെന്നും അഞ്ച് കപ്പിന്റെ കണക്ക് മാത്രമേ അവര്‍ക്ക് പറയാനുള്ളൂ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു ആരാധകര്‍ രോഹിത്തിനെ കളിയാക്കിയത്.

ഇതിന് പുറമെ ഐ.പി.എല്ലില്‍ രോഹിത് ശര്‍മ സ്വന്തമാക്കിയ മോശം റെക്കോഡുകളുടെ കണക്കും ഇവര്‍ അക്കമിട്ട് നിരത്തിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവും തവണ പൂജ്യത്തിന് പുറത്തായ താരം, ഏറ്റവും തവണ ഒറ്റയക്കത്തിന് പുറത്തായം താരം തുടങ്ങിയ മോശം റെക്കോഡുകളായിരുന്നു ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ വെറും ഒരൊറ്റ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു മുംബൈ ആരാധകര്‍ ഇതിന് മറുപടി നല്‍കിയത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ പ്രോഫൈല്‍ പിക്ചര്‍ നീലയാക്കിയതായിരുന്നു മുംബൈ ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ആര്‍.സി.ബിക്ക് പ്ലേ ഓഫ് സാധ്യതകളുണ്ടാവൂ എന്ന സാഹചര്യത്തിലായിരുന്നു ആര്‍.സി.ബി തങ്ങളുടെ പ്രോഫൈല്‍ പിക്ചര്‍ ചുവപ്പില്‍ നിന്നും നീലയിലേക്ക് മാറ്റിയത്.

#RedTurnsBlue എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു അന്ന് അര്‍.സി.ബി പ്രോഫൈല്‍ പിക്ചര്‍ മാറ്റിയത്.

ആ മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ ആര്‍.സി.ബിക്ക് പ്ലേ ഓഫിലേക്കുള്ള വാതിലും തുറന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 159 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷന്റെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും ടിം ഡേവിഡിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ അഞ്ച് പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

 

Content Highlight: Mumbai Indians fans brutally trolls RCB