തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലൂടെയാണ് ഈ യൂണിവേഴ്‌സിന് തുടക്കമായത്. വിക്രത്തിന് മുമ്പ് ലോകേഷ് സംവിധാനം ചെയ്ത കൈതിയിലെ കഥാപാത്രങ്ങളെ വിക്രത്തിലേക്കും കണക്ട് ചെയ്തതോടെയാണ് ലോകേഷ് തന്റെ സിനിമാലോകം വലുതാക്കിയത്.
കമല്‍ ഹാസന്‍, കാര്‍ത്തി, ഫഹദ് ഫാസില്‍, നരേന്‍ എന്നിവരുടെ വില്ലനായി സൂര്യ എത്തിയതോടെ ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നു. വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ലിയോയും എല്‍.സി.യുവില്‍ ഉള്‍പ്പെടുന്നതായിരുന്നു. എന്നാല്‍ ലിയോയിലെ എല്‍.സി.യു റഫറന്‍സിനെക്കുറിച്ച് രണ്ടഭിപ്രായം പറയുന്നവരുണ്ട്.
രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങിയ വിജയ് ഇനി ഈ യൂണിവേഴ്‌സിന്റെ ഭാഗമാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ എല്‍.സി.യുവിലെ ഏറ്റവും ശക്തനായ കഥാപാത്രത്തിന്റെ തിരിച്ചുവരവ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന സൂചനയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ കൈതിയുടെ രണ്ടാം ഭാഗം ഉടനെയുണ്ടാകുമെന്നുള്ള സൂചനയാണ് പുറത്തുവന്നത്.
കാര്‍ത്തിയും ലോകേഷും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചക്ക് ചൂടുപിടിച്ചത്. എല്‍.സി.യുവിലെ ഏറ്റവും ശക്തനായ കഥാപാത്രമെന്നാണ് പലരും കൈതിയിലെ ദില്ലി എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് വലിയൊരു ഡ്രഗ് കാര്‍ട്ടലിനെതിരെ ഒറ്റക്ക് പോരാടിയ ദില്ലിയുടെ പൂര്‍വകാല കഥയും എല്‍.സി.യുവിലെ കഥാപാത്രങ്ങളുടെ കൂടിച്ചേരലുമാകും കൈതി 2വിന്റെ പ്രധാന കഥ.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് തന്നെയാണ് കൈതി 2വിന്റെയും നിര്‍മാണം. തന്റെ സംഗീതം കൊണ്ട് ആദ്യഭാഗത്തെ ഗംഭീര അനുഭവമാക്കി മാറ്റിയ സാം സി.എസ് കൈതി 2വിന് സംഗീതമൊരുക്കും. കൈതിക്ക് ശേഷം പുറത്തുവന്ന രണ്ട് ചിത്രങ്ങളിലും ദില്ലിയുടെ റഫറന്‍സിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. കാര്‍ത്തിയുടെ ദില്ലിയും സൂര്യയുടെ റോളക്‌സും മുഖാമുഖം വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കമല്‍ ഹാസന്റെ വിക്രം, ഫഹദ് ഫാസിലിന്റെ അമര്‍ എന്നീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൈതി 2വിലും ഉണ്ടാകും. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത വിജയ്‌യുടെ സാന്നിധ്യം കൈതി 2വില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ സര്‍ദാര്‍ 2വിന്റെ ഷൂട്ടിലാണ് കാര്‍ത്തി. പി.എസ്. മിത്രന്‍ ഒരുക്കിയ സര്‍ദാറിന്റെ ആദ്യഭാഗം വന്‍ വിജയമായിരുന്നു.
രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ തിരക്കിലാണ് ലോകേഷ് ഇപ്പോള്‍. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് ലോകേഷ് കൂലി ഒരുക്കുന്നത്. രജിനികാന്തിന് പുറമെ സത്യരാജ്, തെലുങ്കിലെ കിങ് നാഗാര്‍ജുന അക്കിനേനി, കന്നഡ സൂപ്പര്‍താരം ഉപേന്ദ്ര, മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Reports that Kaithi 2 will roll from this year