national news
'പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത് അന്യമതസ്ഥനാണെങ്കില്‍ വാങ്ങി കഴിക്കില്ലേ?'; സൊമാറ്റോ ഉപഭോക്താവിനെതിരെ ഡബ്ബാവാലകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 02, 12:20 pm
Friday, 2nd August 2019, 5:50 pm

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്ലിം ചെറുപ്പക്കാരന്‍ കൊണ്ടു വന്നതിനാല്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞ ജബല്‍പൂരില്‍ നിന്നുള്ള യുവാവിനെതിരെ പ്രതിഷേധിച്ച് മുംബൈയിലെ ഡബ്ബാവാലകള്‍.

ജീവിക്കാന്‍ വേണ്ടിയാണ് ഓരോ സൊമാറ്റോയിലെ ഓരോ ഡെലിവറി ബോയും തൊഴിലെടുക്കുന്നതെന്ന് ഡബ്ബാവാല അസോസിയേഷന്‍ സുഭാഷ് തലേക്കര്‍ പറഞ്ഞു.

പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത് അന്യമതസ്ഥനാണെങ്കില്‍ വാങ്ങി കഴിക്കില്ലേ?. സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അന്യമതസ്ഥന്‍ കൊണ്ടു വന്നതിനാല്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞ നടപടിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.

വിതരണക്കാരന്‍ ഹിന്ദുവായിരിക്കാം, മുസ്ലിമായിരിക്കാം, അയാള്‍ ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. അത്തരം തൊഴിലാളികള്‍ക്ക് മതമില്ല.- സുഭാഷ് തലേക്കര്‍ പറഞ്ഞു.

നിര്‍ബന്ധമായും ജബല്‍പൂരിലെ ആ ഉപഭോക്താവിനെതിരെ കേസെടുക്കണം. എല്ലാ മതവിശ്വാസികളും ഡബ്ബാവാലകളില്‍ ഉണ്ട്. കൊളാബയില്‍ നിന്നും വാകേശ്വറില്‍ നിന്നും ഗ്വാണ്ടോവിയില്‍ നിന്നും പാഴ്‌സികളുണ്ട്.

ബേണ്ടി ബസാറില്‍ നിന്നും മൊഹമ്മദ് അലി റോഡില്‍ നിന്നും മുസ്‌ലിംങ്ങളുണ്ട്. ബൈക്കുളയില്‍ നിന്ന് കത്തോലിക്കരുണ്ട്. കല്‍ബാദേവിയില്‍ നിന്നും ജാവേരി ബസാറില്‍ നിന്നും ജൈനന്മാരും ഉണ്ട്. സുഭാഷ് പറഞ്ഞു.

സൊമാറ്റോയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് ഹിന്ദുവല്ലാത്തതിനാല്‍ ,ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം.

ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നുവെന്നായിരുന്നു യുവാവിന്റെ പ്രതികരണം. വിഷയം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയതോടെ വിശദീകരണവുമായി ‘സൊമാറ്റോ’ തന്നെ രംഗത്തെത്തത്തുകയായിരുന്നു.

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു ‘സൊമാറ്റോ’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

DoolNews Video