തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെന്നിത്തലയുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റ എല്ലാ അഴിമതിയും തുറന്ന് കാട്ടിക്കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഒന്ന് പോലും ശരിയല്ലെന്ന് പറയുവാന്‍ ഇടതു സര്‍ക്കാരിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല’, മുല്ലപ്പള്ളി പറഞ്ഞു.
വസ്തുതകള്‍ നിരത്തിയുളള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സി.പി.ഐ.എം കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പരിപൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട പ്രതിപക്ഷ നേതാക്കന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രമേശ് ചെന്നിത്തല എന്നു പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വന്തം ക്യാബിനറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും നടത്തിയ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വസ്തുതകള്‍ പുറത്ത് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കൃത്യമായ രേഖകളോടും തെളിവുകളോടുമാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. അതുകൊണ്ട് തന്നെ അവസാനം ഒരു മറുപടിയും പറയാനില്ലാതെ സര്‍ക്കാര്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക