തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അവരുടെ സ്വഭാവഹത്യ നടത്താനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ക്കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
‘പ്രതികാര ബുദ്ധിയോടു കൂടി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതു സമൂഹത്തില്‍ സ്വഭാവഹത്യ നടത്താനുള്ള ഹീനമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ കോണ്‍ഗ്രസും ഐക്യജനാധിപത്യ കക്ഷിയും ഒറ്റക്കെട്ടായി നിന്ന് നേരിടും. ഈ സര്‍ക്കാരിന്റെ എല്ലാ ചെയ്തികളും തുറന്ന്കാട്ടി ആരുടെ കൂടെയാണ് നില്‍ക്കുന്നതെന്ന യഥാര്‍ത്ഥ ചിത്രം സമൂഹ മധ്യത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ നാലര വര്‍ഷക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും ഒന്നൊന്നായി അടിവരയിട്ടുകൊണ്ട് സമൂഹത്തില്‍ തുറന്ന് കാണിച്ച, സര്‍ക്കാരിന് ഇതുവരെ നിഷേധിക്കാന്‍ സാധിക്കാത്ത ആരോപണങ്ങള്‍ തുറന്ന് കാണിച്ച നേതാവാണ് രമേശ് ചെന്നിത്തല. അങ്ങനെയൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് സമനില തെറ്റുന്നതില്‍ അത്ഭുതമൊന്നുമില്ല,’ മുല്ലപ്പള്ളി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നാല് തവണ ഈ കേസുകളൊക്കെ തന്നെ അന്വേഷിച്ചതാണ്. അന്ന് അന്വേഷിച്ചിട്ട് ക്ലീന്‍ ചിറ്റ് കൊടുത്തു. ആരോപണത്തില്‍ കഴമ്പില്ലാ എന്നാണ് സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
10 കോടി രൂപ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വാഗ്ദാനം ചെയ്തിവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
‘ആര് അഴിമതി നടത്തിയാലും അഴിമതിയല്ലേ. സത്യസന്ധമായി അന്വേഷണം നടത്തുന്ന ഒരു മുഖ്യമന്ത്രിയാണെങ്കില്‍ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒരു പ്രാഥമികാന്വേഷണം പോലും നടത്താത്തത്? ജോസ് കെ മാണി ഇടതുപക്ഷത്തേക്കെത്തുമ്പോള്‍ അദ്ദേഹത്തെ പരിശുദ്ധനാക്കാനുള്ള നടപടിയാണ് നടത്തുന്നത്,’ അദ്ദേഹം പറഞ്ഞു.
ഒരു പ്രവാസിയില്‍ നിന്ന് മലബാറിലെ ഒരു ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ 50 ലക്ഷം തട്ടിയെന്ന് ഹൈക്കോടതി തന്നെ പറയുന്നുണ്ട്. എന്നിട്ട് എന്തുകൊണ്ട് കേസെടുത്തില്ല?
കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയിലെ സിന്ദു ദുര്‍ഗ് ജില്ലയില്‍ 200 ഏക്കറില്‍ അധികം ഭൂമിയുണ്ട്. ബിനാമി ഒരു കണ്ണൂര്‍ കാരനാണ്. ആരാണ് ഈ കണ്ണൂര്‍കാരന്‍? ആരാണ് ഈ മന്ത്രിമാര്‍ എന്നതൊക്കെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറായിട്ടുണ്ട് എന്നാണ് ദല്‍ഹിയില്‍ നിന്നുള്ള മറ്റൊരു മലയാളം ചാനല്‍ ഇന്ന് വാര്‍ത്ത കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഈ കേസ് അന്വേഷിക്കാന്‍ തയ്യാറുണ്ടോ? മുഖ്യമന്ത്രിക്ക് തന്റെ കൈ വിശുദ്ധമാണെന്ന് പറയാന്‍ തന്റേടമുണ്ടോ? ഉത്തരവാദിത്തപ്പെട്ട സി.പി.ഐ.എം മന്ത്രിമാര്‍ക്ക് തങ്ങള്‍ വിശുദ്ധരാണെന്ന് പറയാന്‍ തന്റേടമുണ്ടോ? ഞങ്ങള്‍ രാഷ്ട്രീയത്തിലെ എല്ലാ തരത്തിലുമുള്ള പൊതു മാനദണ്ഡവുമുള്ള അഴിമതി ചെയ്യാത്ത, അഴിമതിയെ ചെറുക്കുന്ന ആളുകളാണെന്ന് പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? എന്നും മുല്ലപ്പള്ളി ചോദിച്ചു.
ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.
കേസില്‍ സര്‍ക്കാരിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലുമാണ് സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്.
മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക