ന്യൂദൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ മുലായം സിങ് യാദവ് അന്തരിച്ചു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഏരെക്കാലമായി ചികിത്സയിലായിരുന്നു. കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്, എട്ട് തവണ നിയമസഭയിലും ഏഴ് തവണ ലോക്സഭയിലും എത്തിയിട്ടുണ്ട്.
ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിങ് യാദവിന്റെ മരണം. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് മുലായം സിങ് യാദവിന്റെ നിര്യാണം. മകന്‍ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.
അഞ്ച് പതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ നേതാവാണ് മുലായം സിങ് യാദവ്. ഒടുവിൽ സമാജ് വാദി പാർട്ടിയിലെത്തിനിന്നു മുലായം സിങ് യാദവിന്റെ രാഷ്ട്രീയ ജീവിതം.
സോഷ്യലിസ്റ്റ് ആശയങ്ങളിൽ മുലായം സിങ്ങിന് താത്പര്യം ജനിക്കുന്നത് രാം മനോഹർ ലോഹ്യയിലൂടെയാണ്. അങ്ങനെ 1967ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ ംത്സരിച്ച വിജയിച്ച മുലായം സിങ് യാദവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.
വളർന്നും പിളർന്നും മുന്നേറിയ ജനതാ പാർട്ടികളുടെ ഭാഗമായി മുലായവും നിലയുറപ്പിച്ചു. ലോഹ്യയുടെ മരണശേഷം രാജ് നരൈനോടൊപ്പം നിന്ന മുലായം 1974ലാണ് മറ്റ് ജനതാ പാർട്ടികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ രൂപീകരിച്ചത്. 1975ൽ വന്ന അടിയന്തരാവസ്ഥ കാലത്ത് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുലായം സിങ് ജയിലിലായി. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നിലംപൊത്തുകയും ജനതാ പാർട്ടി ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലും കേന്ദ്രത്തിലും അന്ന് ജനതാ പാർട്ടി അധികാരം പിടിച്ചു.
ഉത്തർപ്രദേശ് നിയമസഭയിൽ സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവ്യസായ വകുപ്പുകളുടെ മന്ത്രിയായിരുന്നു മുലായം. എന്നാൽ 1980ൽ മുലായവും ജനതാ പാർട്ടിയും തോറ്റ് മടങ്ങി. പിന്നീട് ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായി മുലായം അധികാരമേറ്റു.
1985 ൽ പ്രതിപക്ഷ നേതാവായി മാറിയ മുലായം സിങ് യാദവ് പിന്നീട് ഉച്ചർപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ ഇടപെടലുകളാണ് ഉണ്ടാക്കിയത്.
1985ൽ ലോക് ദൾ പിളർന്നു. മുലായം പോരാട്ടം തുടർന്നത് ക്രാന്തികാരി മോർച്ച രൂപീകരിച്ചായിരുന്നു. ക്രാന്തികാരി മോർച്ചയിൽ നിന്നുകൊണ്ടാണ് 1989 ൽ മുലായം സിങ് ആദ്യമായി ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1990 ൽ വി.പി. സിങ് മന്ത്രിസഭക്ക് കേന്ദ്രത്തിൽ അധികാരം നഷ്ടമായതിന് പിന്നാലെ മുലായം ചന്ദ്രശേഖരിനൊപ്പം ജനതാദൾ സോഷ്യലിസ്റ്റിന്റെ ഭാഗമായി. കോൺഗ്രസിന്റെ പിന്തുണയോടെ അന്ന് അധികാരം നിലനിർത്തി.
1991ൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെയ മുലായത്തിന് അധികാരം നഷ്ടമായി. 11992ലാണ് മുലായം സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്.
1993 എസ്.പി-ബി.എസ്.പി സഖ്യം നിലവിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി പാർട്ടി അധികാരം പിടിച്ചു. മുലായം തന്നെയായിരുന്നു സഖ്യത്തിൽ നിന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണ അന്ന് മുലായത്തിന്റെ മന്ത്രിസഭയ്ക്ക് ലഭിച്ചു.
1996ലാണ് ദേശീയരാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ ചുവടുമാറ്റം.
മെയിൻപുരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മുലായം കേന്ദ്രത്തിൽ ഐക്യമുന്നണി സർക്കാറിൽ പ്രതിരോധ മന്ത്രിയായി. 1998 ലും 1999 ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും മുലായം ലോക്‌സഭയിലെത്തി.
2003 ൽ ബി.എസ്.പി വിമതരുടെ പിന്തുണയോടെ അദ്ദേഹം വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. മായാവതിയുടെ സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചതിന് പിന്നാലെയായിരുന്നു സ്വതന്ത്രരുടേയും ചെറുകക്ഷികളുടേയും പിന്തുണയോടെ മുലായം അന്ന് മുഖ്യമന്ത്രിയായത്.
2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മെയിൻപുരി സീറ്റിൽ നിന്ന് വിജയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ തീരുമാനിച്ചതിനാൽ അദ്ദേഹം ലോക്‌സഭാഗത്വം രാജിവെക്കുകയായിരുന്നു. 2007 ൽ ബി.എസ്.പിയുടെ നീക്കത്തിൽ അധികാരം നഷ്ടമായി.