national news
പോപ്‌കോണിന്റെ കാലം കഴിഞ്ഞു; ഇനി ജി.എസ്.ടി ഡോണട്ടിന്; പരിഹാസവുമായി ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
22 hours ago
Saturday, 15th March 2025, 5:19 pm

ന്യൂദല്‍ഹി: ഒരേ ഉത്പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത ജി.എസ്.ടി ചുമത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രാജ്യസഭ എം.പി. ജയറാം രമേശ്. പോപ്കോണിന് ശേഷം ഇപ്പോള്‍ ജി.എസ്.ടി ബാധിക്കാനുള്ള ഊഴം ഡോണട്ടിനാണെന്ന് ജയറാം രമേശ് പരിഹസിച്ചു.

സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള മാഡ് ഓവര്‍ ഡോണട്ട്സ് എന്ന കമ്പനി തങ്ങളുടേത് ഒരു റസ്‌റ്റോറന്റ് ശൃംഖലയാണെന്ന് കാണിച്ച് കൃത്രിമം കാണിച്ചതിന് ലഭിച്ച 100 കോടിയുടെ നികുതി നോട്ടീസ് പങ്കുവെച്ചാണ് ജയറാം രമേശിന്റെ പ്രതികരണം. ഇന്ത്യയില്‍ ബേക്കറി ഉത്പ്പന്നങ്ങളെക്കാള്‍ കുറവ് ജി.എസ്.ടിയാണ് നോണ്‍ എ.സി റസ്‌റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്നത്.

ഈ വിഷയം ഇപ്പോള്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതുകൊണ്ടാണ് ജി.എസ്.ടി 2.0 അടിയന്തരമായി നടപ്പിലാക്കണമെന്ന് പറയുന്നതെന്നും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പോപ്കോണിന് മൂന്ന് വ്യത്യസ്ത നികുതി സ്ലാബുകള്‍ ഏര്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജി.എസ്.ടിയില്‍ വ്യാപകമായ അഴിച്ചുപണി വേണമെന്ന് കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്‌.

ജി.എസ്.ടി നിരക്കുകള്‍ ഇനിയും കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പിച്ചു പറഞ്ഞെങ്കിലും അവ സമഗ്രമായിരിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആവിയില്‍ പുഴുങ്ങുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി തേടുമെന്ന് കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആവിയില്‍ വേവിച്ചെടുക്കുന്ന കൊഴുക്കട്ടയടക്കമുള്ള പലഹാരങ്ങള്‍ക്ക് 18 ശതമാനത്തോളം ജി.എസ്.ടി ഈടാക്കുന്ന സാഹചര്യത്തിലാണ് കൗണ്‍സിലിനെ സമീപിക്കാനുള്ള തീരുമാനം കേരളം എടുത്തത്.

മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പലഹാരങ്ങള്‍ക്കായി അഞ്ച് ശതമാനം മാത്രമാണ് ഈടാക്കാറുള്ളതെന്നും ഒരു ദിവസം മാത്രമാണ് ഇത്തരം പലഹാരങ്ങള്‍ക്ക്‌ ആയുസുള്ളതെന്നും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ജി.എസ്.ടി കൗണ്‍സിലിനെ സമീപിച്ചതെന്ന് മന്ത്രി പറഞ്ഞു.

Content Highlight: The era of popcorn is over; now GST is for donuts; Jayaram Ramesh mocks