ഹൈദരാബാദ്: തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
ഇത്തരത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരെ വിവസ്ത്രരാക്കി പൊതുമധ്യത്തിലൂടെ നടത്തുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായി അദ്ദേഹം പ്രതികരിച്ചത്.
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ അവഹേളനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന ടോക്‌സിക്കായ സംസ്‌കാരം സോഷ്യല്‍ മീഡിയയില്‍ വളരുമ്പോള്‍ താന്‍ മൗനം പാലിക്കില്ലെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി പത്രപ്രവര്‍ത്തക യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ഭാഗമായി ഐ.ടി വ്യവസായ മന്ത്രി ശ്രീധര്‍ ബാബുവിനോട് പത്രപ്രവര്‍ത്തക യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് അംഗീകൃത പത്രപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പട്ടികയ്ക്ക് പുറത്തുള്ളവരെ പ്രത്യേകം കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയുണ്ടായി.
‘മുഖ്യമന്ത്രിയായതുകൊണ്ട് ഞാന്‍ മിണ്ടാതിരിക്കുകയാണെന്ന് കരുതരുത്. നിങ്ങളെ വിവസ്ത്രരാക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യും. നിങ്ങളെ തല്ലാന്‍ തയ്യാറായി തെരുവിലിറങ്ങുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. എന്റെ പദവി കാരണമാണ് ഞാന്‍ സഹിഷ്ണുത കാണിക്കുന്നത്. ഞാന്‍ എന്ത് ചെയ്താലും അത് നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നായിരിക്കും,’ രേവന്ത് റെഡ്ഡി പറഞ്ഞു
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കവും പ്രചരിപ്പിച്ചെന്നാരോപിച്ചാണ് രണ്ട് വനിത മാധ്യമപ്രവര്‍ത്തകരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
വനിതാ മാധ്യമപ്രവര്‍ത്തക രേവതിയെയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും ബുധനാഴ്ച പുലര്‍ച്ചെ അവരുടെ വസതിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് കാരണമായി. രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തന്ത്രങ്ങളാണിതെന്ന് ബി.ആര്‍.എസ് നേതാക്കളടക്കം ആരോപിച്ചു. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും അറസ്റ്റിനെ അപലപിച്ചിരുന്നു.
Content Highlight: Those who post abusive content while posing as journalists will be stripped and beaten: Revanth Reddy