ഐ.പി.എല്ലിന്റെ പതിനെട്ടാം പതിപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ഇപ്പോള്‍ 2025 ഐ.പി.എല്ലില്‍ പുതിയ റോളില്‍ എത്തുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക് തന്റെ പ്ലാനുകള്‍ വിവരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റിങ് കോച്ചായാണ് പുതിയ സീസണില്‍ കാര്‍ത്തിക് എത്തുന്നത്. എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ ഐ.പി.എല്‍ പ്ലാനുകളെ കുറിച്ച് സംസാരിച്ചത്.
ഒരു കളിക്കാരന്‍ എന്നതില്‍ നിന്ന് ഒരു കോച്ചായി മാറിയതിനെ കുറിച്ചും കാര്‍ത്തിക് സംസാരിച്ചു. കളിക്കാരനാകുക എന്നാല്‍ ഒരു ആഡംബരമാണെന്നും അതേസമയം കോച്ച് എന്നത് ഒരു സ്വയം സേവിക്കുന്ന റോളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു കളിക്കാരനാകുക എന്നത് ഒരു ആഡംബരമാണ്. എല്ലാം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നു. മറുവശത്ത്, പരിശീലനം എന്നത് സ്വയം സേവനമാണ്. അവിടെ നിങ്ങള്‍ മറ്റുള്ളവരെ സേവിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്.
എന്റെ ജീവിതത്തില്‍ ഇതുവരെ ചെയ്തവയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോളാണിത്. ലേലത്തില്‍ നിന്നും പുതിയ സീസണിനുള്ള തയ്യാറെടുപ്പിലും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അത് രസകരമായിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.
ആര്‍.സി.ബി ഇത്തവണ താര ലേലത്തില്‍ ബാറ്റര്‍മാരിലും ബൗളര്‍മാരിലും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
‘ഈ ലേലത്തില്‍, ബാറ്റര്‍മാരിലും ബൗളര്‍മാരിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു,’ കാര്‍ത്തിക് പറഞ്ഞു.
ദിനേശ് കാര്‍ത്തിക് ഐ.പി.എല്ലിന്റെ 17 സീസണുകളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്. ദല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമിന് വേണ്ടിയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കളത്തിലിറങ്ങിയത്.
Content Highlight: IPL: Former Indian Wicket Keeper Batter Dinesh Karthik Talks About His New Role In IPL